മോസ്‌ക്കോ: സ്പാര്‍ട്ടക് സ്‌റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ റഷ്യന്‍ ആരാധകര്‍ ഒരു ഗോളിനായി അലമുറയിട്ടു… സ്വന്തം താരങ്ങളെ അവര്‍ ബഹളങ്ങളോടെ പ്രോല്‍സാഹിപ്പിച്ചു. പക്ഷേ തുറന്ന ഗോള്‍ വലയത്തെ പോലും സാക്ഷിയാക്കി റഷ്യന്‍ താരങ്ങള്‍ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ എട്ടാം മിനുട്ടില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കൃസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഏക ഗോളില്‍ പോര്‍ച്ചുഗല്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിലെ ആദ്യ വിജയം നുകര്‍ന്നു. എട്ടാം മിനുട്ടിലായിരുന്നു പറങ്കിതാരത്തിന്റെ ടിപ്പിക്കല്‍ ഹെഡ്ഡര്‍ ഗോള്‍. മാര്‍ക്കിംഗില്‍ നിന്നും മുക്തനായി ഗോള്‍ക്കീപ്പറുടെ കൈകള്‍ക്ക് മുകളിലൂടെ അധികം ശക്തിയില്ലാത്ത ഹെഡ്ഡര്‍. കളിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം ഗോള്‍ അടിക്കുന്ന റെക്കോര്‍ഡുള്ള റയല്‍ മാഡ്രിഡ് താരത്തിന്റെ ഗോള്‍ മാറ്റി നിര്‍ത്തിയാല്‍ പോര്‍ച്ചുഗലിന്റെ സാന്നിദ്ധ്യം മല്‍സരത്തില്‍ കുറവായിരുന്നു. ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത് വഴിയുള്ള മൂന്ന് പോയന്റാണ് നിലവില്‍ ആതിഥേയരുടെ സമ്പാദ്യം. മെക്‌സിക്കോയുമായി ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങിയ പോര്‍ച്ചുഗലാണിപ്പോള്‍ ഗ്രൂപ്പ് എ യില്‍ ഒന്നാമന്മാര്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ക്കാണ് സെമി ബെര്‍ത്ത്. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് റഷ്യക്ക് സെമി സാധ്യത.
കൃസ്റ്റിയോനോ ഗോളില്‍ പോര്‍ച്ചുഗല്‍
Tags: cr7Cristiano ronaldo