X

മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ തന്നെ; റോണാള്‍ഡോയ്ക്ക് ഹാട്രിക്

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയിലെ ആദ്യ മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ മഡ്രിഡിന് മിന്നുന്ന ജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് റയലിന് തുണയായത്.
മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയെ മലാഗ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മാഡ്രിഡില്‍ അത്‌ലറ്റിക്കോയുടെ കുതിപ്പിന് സിദാന്റെ സംഘം തടയിടുകയായിരുന്നു. നാട്ടങ്കങ്ങളില്‍ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് റയല്‍ ജയിച്ചു കയറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. കരിയറിലെ 39-ാമത്തെ ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ അത്‌ലറ്റിക്കോയ്‌ക്കെതിരെ നേടിയത്. 23-ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് ക്രിസ്റ്റ്യാനോ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

71- ാം മിനുട്ടില്‍ രണ്ടാം ഗോള്‍. 77-ാം മിനുട്ടില്‍ ഹാട്രിക്ക്. ജയത്തോടെ ഒന്നാം സ്ഥാനത്തു തുടരുന്ന റയലിന് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സയുമായി നാലു പോയിന്റ് വ്യത്യാസമായി. നാലു മത്സരങ്ങളില്‍ മൂന്നു തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്ന അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കിരീട മോങ്ങള്‍ക്ക് മേല്‍ ഇതോടെ കരിനിഴല്‍ വീണു. തോല്‍വിയോടെ റയലുമായി ഒമ്പതു പോയിന്റ് വ്യത്യാസമുള്ള ഡീഗോ സിമിയോണിയുടെ സംഘം അഞ്ചാം സ്ഥാനത്തേക്കു കൂപ്പുകുത്തി. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, പെപെ, കാസെമിറോ, ടോണി ക്രൂസ്, ആല്‍വറോ മൊറാറ്റ, കരീം ബെന്‍സീമ എന്നീ ആറു മുന്‍നിര കളിക്കാരില്ലാതെയാണ് റയല്‍ മത്സരത്തിനിറങ്ങിയത്. എങ്കിലും ഒന്നാം പകുതിയില്‍ സമ്പൂര്‍ണ നിയന്ത്രണം റയലിന്റെ കൈവശമായിരുന്നു.

മറ്റൊരു മത്സരത്തില്‍ മെസിയും സുവാരസും നെയ്മറുമില്ലാതെയിറങ്ങിയ ബാഴ്‌സയെ മലാഗ ഗോള്‍രഹിത സമനിലയില്‍ തളച്ചു. സമനിലയോടെ ബാഴ്‌സ ലീഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

chandrika: