X

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശരീരം 20 വയസുകാരന്റേതിന് തുല്ല്യമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ടൂറിന്‍: വര്‍ത്തമാനകാല ഫുട്‌ബോളിലെ മികച്ച താരം ആരെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളുണ്ടാവും. അതില്‍ ആദ്യം വരുന്ന രണ്ട് പേരുകള്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായിരിക്കും. കളി മികവില്‍ വ്യത്യസ്ത അഭിപ്രായക്കാരുണ്ടാവുമെങ്കില്‍ കായികക്ഷമതയില്‍ റൊണാള്‍ഡോ തന്നെയാണ് മുന്നില്‍ എന്നതിന് എതിരഭിപ്രായമുണ്ടാകാനിടയില്ല. ഇത് ശരിവെക്കുന്നതാണ് താരത്തിന്റെ പുതിയ തട്ടകമായ യുവന്റസ് പുറത്തുവിട്ടിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. റൊണാള്‍ഡോയുടെ ശരീരം ഇരുപത് വയസുകാരന്റേതിന് തുല്യമാണെന്നാണ് യുവന്റസ് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. മൂപ്പത്തിമൂന്നുകാരനായ താരത്തിന്റെ കായികക്ഷമതക്ക് പ്രായം ഒട്ടും പോറലേല്‍പ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റൊണാള്‍ഡോയുടെ മസില്‍ മാസും, വേഗതയും, കൊഴുപ്പുമെല്ലാം പരിശോധിച്ചാണ് ഏതാണ്ട് 13 വയസിന് ചെറുപ്പമാണ് താരത്തിന്റെ ശരീരമെന്ന വിലയിരുത്തലിലെത്തിയത്. ഏഴ് ശതമാനമാണ് ശരീരത്തിലെ കൊഴുപ്പ്. ഇത് സാധാരണ കളിക്കാരനെക്കാള്‍ മൂന്ന് ശതമാനം കുറവാണ്. അമ്പത് ശതമാനമാണ് മസില്‍ മാസ്. ഒരു കളിക്കാരന്റെ ശരാശരിയേക്കാള്‍ നാലുശതമാനം കൂടുതലാണ് ഇത്.നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനാണ് റൊണാള്‍ഡോ. 33.98 കിലോമീറ്ററാണ് ഒരു മണിക്കൂറിലെ വേഗത. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോയ്ക്ക് ഇനിയും 10 വര്‍ഷത്തിലധികം ഇതേ ശാരീരിക ക്ഷമതയില്‍ ഫുട്‌ബോള്‍ കളിക്കാം.

നേരത്തെ താരം പറഞ്ഞിരുന്നതുപോലെത്തന്നെ ചെറുപ്പമാണ് റൊണാള്‍ഡോ. ഇനിയും രണ്ട് ലോകകപ്പുകളില്‍ സാന്നിധ്യമറിയിക്കാന്‍ ലോകത്തെ മുന്‍നിര താരത്തിന് കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല. അടുത്തിടെ റയല്‍ മാഡ്രിഡില്‍ നിന്നും 105 മില്യണ്‍ പൗണ്ടിനാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലെത്തിയത്. പ്രായമായെങ്കിലും യുവകളിക്കാരേക്കാള്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുന്നത് തന്നെയാണ് ഇപ്പോഴും ഫുട്‌ബോള്‍ മാര്‍ക്കറ്റില്‍ റൊണാള്‍ഡോയുടെ വിലകൂട്ടുന്നത്. 2009 മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായിരുന്ന ക്രിസ്റ്റ്യാനോയെ പത്തു കോടി യൂറോ (ഏകദേശം 805 കോടി രൂപ) മുടക്കിയാണ് ഇറ്റാലിയന്‍ ക്ലബ് യുവെന്റ്‌സ് സ്വന്തമാക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: