അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി. ഗോള്‍ സമ്പാദ്യത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി ക്രിസറ്റിയാനോക്ക് കൈമാറി. ബുധനാഴ്ച അയര്‍ലന്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയാണ് താരം പുതിയ ലോക റെക്കോര്‍ഡ് ചരിത്രമെഴുതിയത്.
1993നും 2006നും ഇടയിലായി 109 അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ഇറാന്റെ അലി ദായിയായിരുന്നു ഇതുവരെ ടോപ് സ്‌കോറര്‍. ഈ റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ മാറ്റിയെഴുതിയത്. കഴിഞ്ഞ കളിയില്‍ രണ്ട് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോയുടെ ഗോള്‍ സമ്പാദ്യം ആകെ 111 ആയി. 2004ല്‍ ഗ്രീസിനെതിരെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടുന്നത്.
ക്രിസ്റ്റിയാനോ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (134), ഒരു ചാമ്പ്യന്‍സ് ലീഗ് സീസണില്‍ 17 ഗോളുകള്‍, ട്വിറ്ററിലും ഇന്‍സ്റ്റഗ്രമിലും ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള സ്‌പോര്‍ട്‌സ് താരം എന്നീ റെക്കോര്‍ഡുകളും ക്രിസ്റ്റിയാനോയുടെ പേരിലാണ്. കൂടാതെ സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച താരവും ക്രിസ്റ്റിയാനോ തന്നെ. ആളുകള്‍ ഏറ്റവും കൂടുതല്‍ വികിപീഡിയയില്‍ സെര്‍ച്ച് ചെയ്ത സ്‌പോര്‍ട്‌സ് താരവും മറ്റാരുമല്ല.