മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്ക് നീക്കാന്‍ റയല്‍ മാഡ്രിഡ് സമര്‍പ്പിച്ച അപേക്ഷ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളി. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തില്‍ പുറത്തിരുന്ന പോര്‍ച്ചുഗീസ് താരത്തിന് ഇനി ലാ ലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും കളിക്കാനാവില്ല. വിലക്കിനെതിരെ സ്പാനിഷ് ഗവണ്‍മെന്റിന്റെ ട്രൈബ്യൂണലില്‍ അപ്പീലുമായി പോകാനാണ് റയലിന്റെ ഇനിയുളള നീക്കം. വിലക്ക് ഒരു മത്സരമാക്കി കുറയ്ക്കാനാണ് ഈ അപ്പീലിലൂടെ റയല്‍ ലക്ഷ്യമിടുന്നത്. അതേസമയം റൊണാള്‍ഡോയ്‌ക്കേറ്റ തിരിച്ചടിക്കൊപ്പം റയല്‍ പരിശീലകന്‍ സിനഡിന്‍ സിദാനെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോയുടെ വിലക്കുമായി ബന്ധപ്പെട്ട് സിദാന്‍ നടത്തിയ വാര്‍ത്ത സമ്മേളനമാണ് റയല്‍ കോച്ചിന് വിനയായത്. റൊണാള്‍ഡോയ്ക്ക് വിലക്കേര്‍പ്പെടുത്തിയ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായി സിദാന്‍ പ്രതികരിച്ചിരുന്നു. ഇതാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി പരിശോധിക്കുന്നത്. സിദാനില്‍ നിന്നും അച്ചടക്ക സമിതി പിഴ ഈടാക്കാനാണ് കൂടുതല്‍ സാധ്യത.