രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ഖ്യാതി ഇനി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് സ്വന്തം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്റിനെതിരെ ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് താരം പുതിയ റെക്കോര്‍ഡിട്ടത്. ഇതോടെ ക്രിസ്റ്റിയാനോയുടെ രാജ്യാന്തര ഗോള്‍ നേട്ടം 111 ആയി. 180 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച സെര്‍ജിയോ റാമോസിനൊപ്പമെത്താനും താരത്തിനായി.
ഇറാന്‍ താരം അലി ദെയിക്കൊപ്പം (109 ഗോളുകള്‍) ആയിരുന്നു ഇന്നലെ അയര്‍ലന്റിനെതിരായ കളിയുടെ 88ാം മിനിറ്റ് വരെ റൊണാള്‍ഡോ. എന്നാല്‍ അയര്‍ലന്റിനെതിരെ ഒരു ഗോളിന് തോറ്റു നിന്ന ശേഷം 89ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ചരിത്ര ഗോള്‍ നേടുകയായിരുന്നു. താരത്തിന് റെക്കോര്‍ഡും ടീമിന് ഒരു തോല്‍വിയില്‍ നിന്നുള്ള രക്ഷപ്പെടലുമായി ആ ഗോള്‍. ഒടുക്കം ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗലിന്റെ കപ്പിത്താന്‍ വക വീണ്ടും ഗോള്‍. ജയിച്ചുനിന്ന മത്സരം അവസാന ആറ് മിനിറ്റിന്റെ വ്യത്യാസത്തില്‍ അയര്‍ലന്റ് നഷ്ടപ്പെടുത്തി. ക്രിസ്റ്റ്യാനോ തട്ടിപ്പറിച്ചെടുത്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി.
അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തിയിരുന്നു. ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ലോകകപ്പ് യോഗ്യതയിലെ മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിനെ ബോസ്‌നിയ സമനിലയില്‍ തളച്ചു. നോര്‍വെ നെതര്‍ലന്റ് മത്സരവും (1-1) സമനിലയില്‍ കലാശിച്ചു.