X

സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ പ്രതിസന്ധി; മുഖം തിരിച്ച്‌ സര്‍ക്കാര്‍

ഈ അദ്ധ്യായന വര്‍ഷവും സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകര്‍ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്‌ക്ക് ഒരു മാറ്റവുമില്ല. പച്ചക്കറി ഉള്‍പ്പടെയുള്ള സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സ്വന്തം കൈയില്‍നിന്ന് പണം എടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകർ.

വിദ്യാഭ്യസ മന്ത്രിയ്‌ക്കും മുഖ്യമന്ത്രിയ്‌ക്കും നിവേദനം നല്‍കിയിട്ടും കാര്യമായ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. നിലവില്‍ പ്രധാനഅദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച വീണ്ടും പരിഗണിച്ചേക്കും. സംസ്ഥാനത്തെ സ്‌കൂളുകളുടെ ഉച്ചഭക്ഷണത്തിനുള്ള തുക 2016-ലാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഒപ്പം ഉച്ചഭക്ഷണത്തിന്റെ മുഴുവൻ ചുമതലയും പ്രധാന അദ്ധ്യാപകര്‍ക്കും നല്‍കി.

150 കുട്ടികളുള്ള സ്‌കൂളില്‍ ഒരു കുട്ടിയ്‌ക്ക് എട്ട് രൂപയും 500 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഏഴ് രൂപയുമാണ് നിശ്ചയിച്ചത്. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളില്‍ ആറ് രൂപയുമാണ് നിശ്ചയിച്ചത്. ഈ തുകയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു പാലും മുട്ടയും നല്‍കണം. നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചില സ്‌കൂളുകള്‍ മുട്ടയും പാലും വിതരണം ചെയ്യുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍. ഉച്ചഭക്ഷണ വിതരണത്തിന്‍റെ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും പ്രധാനാധ്യാപകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അക്കാദിക് കാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെന്നാണ് പരാതി

webdesk13: