X

പ്രതിസന്ധി തുടരുന്നു, കേരളം ക്യൂവില്‍ തന്നെ; മോദിയെ ‘സ്മരിച്ച്’ ഇടപാടുകാര്‍

കോഴിക്കോട് വൈ.എം.സി.എ റോഡിലെ എസ്.ബി.ടി ബാങ്കില്‍ പണം മാറ്റാനെത്തിയവരുടെ ക്യൂ, കോംപൗണ്ടും കടന്ന് ഫുട്പാത്തിലേക്ക് നീണ്ടപ്പോള്‍

കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യമെങ്ങും രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേരളത്തിലും രൂക്ഷം. പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്ന ജോലി ബാങ്കുകള്‍ തുടരുമ്പോള്‍, ഇന്നും രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് ബാങ്കുകള്‍ക്കു മുന്നില്‍. വീട്ടാവശ്യങ്ങള്‍ക്കും മറ്റുമായി പണം മാറ്റിയെടുക്കാന്‍ സ്ത്രീകളാണ് വെയിലിനെ അവഗണിച്ച് കൂടുതലായും ക്യൂ നില്‍ക്കുന്നത്.

സാമ്പത്തിക അടിയന്തരാവസ്ഥ അപ്രതീക്ഷിതമായി അടിച്ചേല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി രൂക്ഷ പരാമര്‍ശമാണ് ക്യൂവില്‍ നില്‍ക്കുന്ന പലരും നടത്തുന്നത്. ഫേസ്ബുക്കില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യത്യസ്തമാണ് ബാങ്കിനു മുന്നില്‍ നിന്നുള്ള കാര്യങ്ങള്‍. ‘കള്ളപ്പണം ഒറ്റയടിക്ക് ഇല്ലാതാക്കിയ’ മോദിയെ ഫേസ്ബുക്കിലെ അനുകൂലികള്‍ വാഴ്ത്തുമ്പോള്‍ ക്ഷോഭത്തോടെയാണ് പ്രധാനമന്ത്രിയെയും സര്‍ക്കാര്‍ നയത്തെയും പറ്റി ഇടപാടുകാരുടെ പ്രതികരണം. ക്ഷമകെട്ട് പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശം വാക്കുകളാല്‍ വിശേഷിപ്പിക്കുന്നുണ്ട്.

അതേസമയം, പരമാവധി മാറ്റാവുന്ന 4,000 രൂപക്കു പകരം 2000 വേണ്ടെന്നും നൂറിന്റെയോ അതില്‍ കുറവോ തുകയുടെ നോട്ടുകള്‍ മതിയെന്നും ജനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ബാങ്ക് ജീവനക്കാരും പ്രതിസന്ധിയിലാണ്. എ.ടി.എമ്മുകള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പലയിടത്തും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ക്കു മുമ്പിലും വന്‍ ക്യൂ ആണ് രാവിലെ മുതല്‍. ഇവ ഉടന്‍ കാലിയാകുമെന്നാണ് സൂചന.

ബാങ്കുകളില്‍ നിന്നു മാറ്റിക്കിട്ടുന്ന തുകക്ക് പകരം 2000-ന്റെ നോട്ടുകള്‍ കൈപ്പറ്റാന്‍ ജനങ്ങള്‍ വിസമ്മതിക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഒരു 2000-ന്റെ നോട്ടും ബാക്കി ചെറു നോട്ടുകളും നല്‍കിയാണ് പല ബാങ്കുകളിലും പ്രശ്‌നം പരിഹരിക്കുന്നത്. വിപണിയില്‍ ചില്ലറക്ക് ക്ഷാമം നേരിടുന്നതിനാല്‍ 2000 കൈപ്പറ്റിയിട്ട് കാര്യമില്ലെന്നാണ് ജനങ്ങളുടെ പക്ഷം. വലിയ പര്‍ച്ചേസുകള്‍ക്ക് മാത്രമേ 2000 രൂപ ഉപയോഗപ്പെടുന്നുള്ളൂ.

എ.ടി.എമ്മുകളില്‍ നിന്ന് പരമാവധി പിന്‍വലിക്കാവുന്ന തുക 2000 രൂപയാണ്. ഇത് ഒറ്റ നോട്ടായി കിട്ടാതിരിക്കാന്‍ മിക്കവരും 2000-ല്‍ കുറഞ്ഞ തുകയാണ് എടുക്കുന്നത്. ഉച്ചയോടെ ചെറുനോട്ടുകള്‍ എ.ടി.എമ്മുകൡ നിന്ന് ഇല്ലാതാവാന്‍ ഇത് കാരണമാകും. അതേസമയം, കാലിയാകുന്ന എ.ടി.എമ്മുകള്‍ പകല്‍ റീഫില്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് പല ബാങ്കുകളുടെയും നിലപാട്.

chandrika: