തിരുവനന്തപുരം: കേരള പൊലീസിലെ 1129 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് വിവരാവകാശ രേഖ. ഇവരില്‍ 215 പേര്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണെന്നും രേഖകളില്‍ വ്യക്തമാകുന്നു. സംസ്ഥാന പൊലീസിലെ 10 ഡിവൈ.എസ്.പിമാരും 46 സി.ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്. എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പൊലീസുകാരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്.
സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദനം തുടങ്ങിയ കേസുകള്‍ കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ഇത്തരം കേസുകളില്‍പെട്ടവരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളായ പൊലീസുകാര്‍ക്കെതിരെ കാര്യമായ വകുപ്പുനടപടികള്‍ ഉണ്ടാകുന്നുമില്ല. ഉന്നതോദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ നടപടികള്‍ നാമമാത്രമായി ഒതുങ്ങുകയാണ് പതിവ്. അതുകൊണ്ടുതന്നെ പട്ടികയിലുള്ള ഭൂരിഭാഗം ആളുകളും ഇപ്പോഴും സേനയിലുണ്ടെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
2011ലാണ് കേരളാ പൊലീസിലെ ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസുകാരുടെ പട്ടിക തയാറാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റി രൂപീകരിച്ചു. ഇതിന് ശേഷമാണ് ഈ പട്ടിക പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ കഴിയില്ല എന്ന നിലപാടാണ് പൊലീസ് മുന്‍പ് സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പട്ടിക പുറത്തുവിടുകയായിരുന്നു.
ലോക്കപ്പ് മര്‍ദനത്തിന്റെ പേരില്‍ ഒന്നര വര്‍ഷത്തിനിടെ പത്തു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. പൊലീസ് പൊതുജനങ്ങളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്തത് 26 കേസുകളാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം സ്വഭാവദൂഷ്യത്തിന്റെയും അഴിമതിയുടേയും പേരില്‍ അച്ചടക്ക നടപടിക്ക് വിധേയരായത് 485 പേരാണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കുന്നത് ആരെന്ന് അറിയാന്‍ ഒരാഴ്ചക്കിടെ നടന്ന സംഭവങ്ങള്‍ മാത്രം മതി. വരാപ്പുഴ കസ്റ്റഡി മരണവും ആലപ്പുഴയില്‍ ഹൈവേ പൊലീസ് വരുത്തിയ അപകടവുമെല്ലാം ഉദാഹരണമാണ്.
പൊലീസില്‍ 1129 പേര്‍ ക്രിമിനലുകള്‍
Tags: KERALA POLICE