ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗത്തിന് ബജറ്റ് പ്രകാരം നല്‍കേണ്ട പദ്ധതികളുടെ ബജറ്റ് വിഹിതത്തിന്റെ ചെറിയൊരു അംശം മാത്രം ചെലവഴിച്ച് ന്യൂനപക്ഷ മന്ത്രാലയം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
കഴിഞ്ഞ ഏതാനും വര്‍ഷത്തെ ബജറ്റ് സംഖ്യ നല്‍കിയതില്‍ ആകെ ചിലവഴിക്കുകയും ചെയ്തതും വെച്ച് നോക്കുമ്പോള്‍ വളരെ ചെറിയൊരു ഭാഗം മാത്രമേ ചിലവഴിച്ചിട്ടുള്ളു എന്നും ബാക്കിയുള്ളത് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അദ്ദേഹം ഇന്നലെ പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു.
നേരത്തെ തന്നെ വകുപ്പ് നല്‍കിയിരുന്ന സംഖ്യ ഏതാണ്ട് ആയിരം കോടി രൂപ കുറച്ചാണ് പിന്നീട് സര്‍ക്കാര്‍ ബജറ്റ് വിഹിതത്തില്‍ നല്‍കിയത്. ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ട് ചിലവഴിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്നത് വളരെ വലിയ തോതിലുളള അനാസ്ഥയാണ് എന്ന് പാര്‍ലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല ന്യൂനപക്ഷ മന്ത്രാലയം ഈ കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും പാര്‍ലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്ത കാര്യവും ഗവണ്മെന്റ് മുഖവിലക്കെടുക്കേണ്ടതാണ്.
ഇത്രയും ചെറിയ സംഖ്യ ചിലവഴിച്ച് ബജറ്റ് വിഹിതത്തില്‍ ഉപയോഗപ്പെടുത്താന്‍ പോലും ശ്രമിക്കാത്ത സര്‍ക്കാറും ഉദ്യോഗസ്ഥന്മാരും എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് വിശദീകരണം അറിയണം. ഈ തെറ്റ് തിരുത്താന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നയാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ടെന്നും ഇ.ടി വ്യക്തമാക്കി.