X

പൊലീസിന് ക്രിമിനല്‍ ബന്ധം; സംരക്ഷിക്കുന്നത് പിണറായി വിജയന്‍: പി.കെ ഫിറോസ്

തിരുവനന്തപുരം: കേരള പൊലീസിന് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും അവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷണം നല്‍കുകയാണെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പിണറായിയുടെ നാവ് ആര്‍.എസ്.എസിന് പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാഫിയാ സര്‍ക്കാറിനെതിരെ യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിമിനലുകളുമായി പൊലീസുകാര്‍ക്കുള്ള ബന്ധം എഡി.ജി.പി എം.ആര്‍ അജിത്കുമാറിലും എസ്.പി സുജിത് ദാസിലും ഒതുങ്ങുന്നതല്ല. പൊലീസിലെ ഒട്ടേറെ പേര്‍ക്ക് ക്രിമിനലുകളുമായും മാഫിയകളുമായും ബന്ധമുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്ന് ഭരണകക്ഷി എം.എല്‍.എയായ വി.പി അന്‍വര്‍ പറയുന്നത്. ഇതെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല.

എഡി.ജി.പി അജിത്കുമാറിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്കാവില്ല. ആര്‍.എസ്.എസിനും സി.പി.എമ്മിനും ഇടയില്‍ പാദസേവ ചെയ്യാന്‍ ഉപയോഗപ്പെടുത്തിയത് അജിത്കുമാറിനെയാണ്. തൃശൂര്‍ പൂരം കലക്കിയതും ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതുമെല്ലാം അജിത്കുമാറാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉപദേഷ്ടാവായി രമന്‍ ശ്രീവാസ്തവയെ നിയമിച്ചപ്പോള്‍ തന്നെ ആര്‍.എസ്എസും പിണറായി സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ വ്യാപകമായി കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചപ്പോഴും അതിന് കൂട്ടുനില്‍ക്കുകയായിരുന്നു പി.വിഅന്‍വറും ജലീലും ഉള്‍പ്പെയുള്ളവര്‍. ഇപ്പോള്‍ അന്‍വറിന്റെ കമ്പി കാണാതായപ്പോഴാണ് അന്‍വര്‍ പൊലീസിനെതിരെ രംഗത്തുവന്നത്. കള്ളക്കടത്തുകാരും പൊലീസും സര്‍ക്കാരും ഒത്തുകളിക്കുന്ന സംസ്ഥാനമായി കേരളം മാറി. അവരുടെ സൂപ്പര്‍ ഡോണായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുന്നു.

വയനാട് ദുരന്തത്തിന്റെ പേരില്‍ പോലും കള്ളക്കണക്കാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിക്ക് 75,000 രൂപയാണ് ചെലവ്. കുഴിയില്‍ എ.സി. സ്ഥാപിച്ചാല്‍പ്പോലും ഇത്രയും തുകയാകില്ല. വൈറ്റ് ഗാര്‍ഡ് അടക്കം ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ അവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ 10 കോടി രൂപ എഴുതി എടുത്തു. ഈ കള്ളക്കണക്കിന് മുഖ്യമന്ത്രി മറുപടി നല്‍കണം. മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുന്നതുവരെ സമരം തുടരുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

webdesk13: