ലക്‌നൗ: പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരില്‍ ക്രമിനല്‍ കേസുണ്ട് എന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് തടഞ്ഞ് വെക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജൗന്‍പൂര്‍ സ്വദേശി ആകാശ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജിക്കാരന്റെ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് ആറ് ആഴ്ചയ്ക്കകം പാസ്‌പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ 21ന് വാരാണസിയിലെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആകാശ് ഹര്‍ജി സമര്‍പ്പിച്ചത്.
പൊലീസ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് കാണിച്ചാണ് അപേക്ഷ നിരസിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് നല്‍കാന്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനോടും വാരണാസിയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തോടും നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയോട് അപേക്ഷിച്ചു. ഇക്കാര്യത്തില്‍ സുപ്രീം കോടതി നേരത്തേ പുറപ്പെടുവിച്ച വിധിയും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.