തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരായ പണിമുടക്ക് ദിവസം ജനറല്‍ ആസ്പത്രിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടാതെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ചികിത്സാ നിഷേധങ്ങള്‍ അന്വേഷിച്ച് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സംസ്ഥാന പൊലിസ് മേധാവി ജനറല്‍ ആസ്പത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട സംഭവം അന്വേഷിച്ച് നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
അടിയന്തരഘട്ടത്തിലുള്ള രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് വഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് തടസമില്ലെങ്കിലും അത് രോഗികളുടെ ജീവന്‍ കൈയിലെടുത്തുകൊണ്ടാകരുതെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ഇതിനിടെ ജനറല്‍ ആസ്പത്രിയില്‍ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. രോഗികളെ ചികിത്സിക്കാതെ സമരത്തിന് പോകുന്ന മനോഭാവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയരക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എത്ര ന്യായമായ അവശ്യത്തിനാണ് സമരമെങ്കിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലപാട് അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഡ്യൂട്ടി ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടുമായി ഐ.എം.എ രംഗത്തെത്തി. ഒ.പിമാത്രമേ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചിരുന്നുള്ളൂവെന്നും അത്യാഹിത വിഭാഗത്തില്‍ ചികിത്സ നിഷേധിച്ചിരുന്നില്ലെന്നും ഒന്‍പതു മുതല്‍ 10 വരെ ഒ.പിയില്‍ പണിമുടക്ക് മുന്‍കൂട്ടി പറഞ്ഞതാണെന്നും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു ഡോക്ടര്‍മാരുടെ സമരവീര്യം മൂലം രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. പനിബാധിച്ചെത്തിയ അംബിക എന്ന സ്ത്രീയെ ചികിത്സിക്കാനൊരുങ്ങിയ വനിത ഡോക്ടറെ സഹപ്രവര്‍ത്തകരെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അംബിക വീണ്ടും അപേക്ഷിച്ചെങ്കിലും ഡ്യൂട്ടി ബഹിഷ്‌കരണത്തിന് സമയമായെന്ന മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം മൂലം വനിത ഡോക്ടര്‍ ചികിത്സാക്കാതെ മടങ്ങി. ഈ നടപടിയിലാണ് ആരോഗ്യവകുപ്പ് ഡയരക്ടറോട് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.