തിരുവനന്തപുരം: മുന്‍കൂര്‍ അനുമതിയില്ലാതെ ആത്മകഥ എഴുതിയ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കേസെടുക്കാന്‍ ഡി.ജി.പിക്കും വകുപ്പ്തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കുമാണ് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്.
സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ മൂന്നംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആരോപണം ശരിവെച്ച സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, കേസ് എടുക്കുന്നതിനെ സംബന്ധിച്ച് വിവരമില്ലെന്ന് ജേക്കബ്ബ് തോമസ് പ്രതികരിച്ചു.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പേരില്‍ ജേക്കബ്ബ് തോമസ് പ്രസിദ്ധീകരിച്ച പുസ്തകമാണ് നടപടിക്ക് ഇടയാക്കിയത്. സര്‍വ്വീസ് ചട്ടലംഘനം നടത്തിയെന്നും അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയതെന്നും മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുസ്തകത്തെക്കുറിച്ച് പല പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അവസാന നിമിഷം പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.