X

2021ല്‍ 1,457 കേസുകള്‍, 2022ല്‍ ഇത് 1,795 ; സ്ത്രീകള്‍ക്കെതിരായ അതിക്രമം ; മൂന്ന് മാസം, 285 അറസ്റ്റ്

മലപ്പുറം ജില്ലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. 2021ല്‍ 1,457 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2022ല്‍ ഇത് 1,795 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 346 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 285 പേര്‍ അറസ്റ്റിലായി.

ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ക്രൂരമായ പീഡനമാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അധികവും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും 600ന് മുകളില്‍ പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബലാത്സംഗം, മാനഹാനി, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം, ശല്യം ചെയ്യല്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പരാതികള്‍ നല്‍കുന്നത് വര്‍ദ്ധിച്ചതാണ് കേസുകളിലെ വര്‍ദ്ധനവിന് കാരണം. മുമ്ബ് പലരും പരാതികള്‍ നല്‍കാന്‍ മുന്നോട്ട് വന്നിരുന്നില്ല. നിയമനടപടികളില്‍ കാലതാമസം വരുമെന്ന ധാരണയും കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ പിന്നോട്ട് വലിച്ചിരുന്നു.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജനമൈത്രി പൊലീസ് സ്റ്റേഷന്‍, നിലവിലുള്ള നിയമ സംവിധാനം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം സ്ത്രീകളിലേക്ക് കൃത്യമായി എത്തിക്കുന്നത് കുറ്റകൃത്യങ്ങളെ നിയമപരമായി നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നുണ്ട്. മദ്യപാനശീലം, മയക്കുമരുന്ന് ഉപയോഗം, ഇന്റര്‍നെറ്റ് ദുരുപയോഗം, മൊബൈല്‍ ഫോണ്‍ ദുരുപയോഗം എന്നിവ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രധാന കാരണങ്ങളാണ്.

2021 2022 2023;

ബലാത്സംഗം 67 -228- 65
മാനഹാനി 224 – 430 – 109
തട്ടിക്കൊണ്ടുപോകല്‍ 1 -18 – 0
ശല്യം ചെയ്യല്‍ 22 -27 – 5
സ്ത്രീധന മരണം 0- 1- 0
ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പീഡനം 649 -624 -167
മറ്റ് കുറ്റകൃത്യങ്ങള്‍ 494 -467 – 0

 

webdesk14: