കാസര്‍കോട് അമ്പലത്തറയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി. മുട്ടിച്ചരല്‍ കണ്ണോത്ത് സ്വദേശി രതീഷ്(42) ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്. സംഭവത്തില്‍ കണ്ണോത്ത് തട്ട് സ്വദേശി ഷമീര്‍ എന്നയാളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മെയ് 20ന് രാത്രി ഏഴരയോടെയാണ് അമ്പലത്തറയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. കണ്ണോത്ത് തട്ടില്‍ ഗൃഹ സന്ദര്‍ശനത്തിന് എത്തിയ ലോക്കല്‍ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെ രതീഷ് സ്ഫോടകവസ്തു എറിയുകയായിരുന്നു.
നേതാക്കള്‍ക്കെതിരെ രതീഷും ഷമീറും നടത്തിയ ആസൂത്രിത ആക്രമണമാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. ആക്രമണത്തില്‍ നാട്ടുകാരിയായ ആമിനയുടെ കണ്ണിന് പരുക്കേറ്റു. നേതാക്കള്‍ ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.