എടപ്പാള്‍ നടുവട്ടം എസ്‌റ്റേറ്റ് റോഡില്‍ യുവാക്കള്‍ കൂട്ടംകൂടിനില്‍ക്കുന്നത് ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. നടുവട്ടം പഴങ്കണ്ടത്തില്‍ അരവിന്ദന്‍ (48), ഭാര്യ ഷൈജി (42) എന്നിവരാണ് പരിക്കേറ്റ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുള്ളത്.
കുറച്ചുദിവസമായി ഇവിടെ പുറമേനിന്നുള്ളവരടക്കം സംഘംചേരുന്നത് കണ്ടപ്പോള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടവരാണോയെന്നറിയാനായി കാര്യമന്വേഷിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയിലുള്ളവര്‍. അരവിന്ദന്റെ തലയില്‍ നാലു തുന്നലുള്ള മുറിവാണുള്ളത്.
അതേസമയം കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കുമ്പോള്‍ അരവിന്ദനും സഹോദരനുമടക്കമുള്ള സംഘം അകാരണമായി ആക്രമിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മറുവിഭാഗം പറയുന്നത്. ഇവരില്‍ അഞ്ചുപേരെ സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണമാരംഭിച്ചു.