ബൈക്കില്‍ യാത്ര ചെയ്ത കിഴക്കേ മാറനാട് മനോജ് മനുവിനെ(28) കാറിടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ 4 യുവാക്കളെ എഴുകോണ്‍ പൊലീസ് റിമാന്‍ഡ് ചെയ്തു. ഒപ്പം കാറും കസ്റ്റഡിയിലെടുത്തു. എഴുകോണ്‍ വാളായിക്കോട് രേവതി ഭവനില്‍ അമല്‍(26), കാരുവേലില്‍ വേങ്കുഴി കല്ലുംമൂട്ടില്‍ പടിഞ്ഞാറ്റതില്‍ അരുണ്‍(26), േെതക്ക ചുരുവിള വീട്ടില്‍ സന്ദീപ്(22),സഹോദരന് സംഗീത്(20) എന്നിവരാണ് റിമാന്‍ഡിലായത്.
രണ്ടാഴ്ച മുമ്പ് ചീരങ്കാവില്‍ സൈനികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ അമല്‍ കോയമ്പത്തൂരിലേക്ക് കടന്നിരുന്നു. അവിടെ നിന്ന് തിരികെയെത്തിയാണ് മനുവിനെ വകവരുത്താനുള്ള ശ്രമം നടത്തിയത്. സംഭവത്തിലെ രണ്ടാം പ്രതി അരുണിന്റെ വീടിന്റെ വാര്‍പ്പ് കഴിഞ്ഞ് കാറില്‍ മദ്യപിച്ച് കറങ്ങിനടക്കുകയായിരുന്നു ഇവര്‍. ഈ സമയത്താണ് മനു ചീരങ്കാവില്‍ നില്‍ക്കുന്നത് കണ്ടത്.
പ്രതികളായ മൂവരെ മനുവിനെ നിരീക്ഷിക്കാന്‍ ഏല്‍പ്പിച്ചശേഷം അമല്‍ പോയി കാറിന്റെ നമ്പര്‍പ്ലേറ്റ് മറച്ച് തിരികെയെത്തുകയും നാലുപേരും കാറില്‍ കയറി മനുവിന്റെ ബൈക്കിന്റെ പിന്നാലെ പോവുകയും ചെയ്തു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ മനുവിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മനു റോഡരികിലേക്ക്് തെറിച്ചുവീണു. വീണ്ടും ഇടിക്കാനുള്ള ശ്രമം നടക്കാത്തതിനാല്‍ മുന്നോട്ട് പോയ കാര്‍ തിരികെയെത്തി വീണ്ടും ഇടിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു കാര്‍ സമീപത്തു നിര്‍ത്തിയതോടെ ഇവര്‍ കടന്നുകടഞ്ഞു. പ്രതികള്‍ ഉപയോഗിച്ച കാര്‍ കരിക്കോട് സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ്. വാടകക്കെടുത്താണ് പ്രതികള്‍ കുറ്റ കൃത്യം ചെയ്തത്. കാര്‍ തിരികെ നല്കിയ ശേഷം കോയമ്പത്തൂരിലേക്കു കടന്ന അമലിനെ അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.