കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്നലെ വൈകീട്ട് മൂന്നര മണിയ്ക്ക് കണിയാപുരത്തുള്ള എസ്.ബി.ഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വെച്ചാണ് പണം കവര്‍ന്നത്. നിഫി പമ്പിലെ മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള വരുമാനമായ രണ്ടര ലക്ഷം രൂപ അടുത്തുള്ള ശാഖയിലിടാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞത്.
ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്ന മോഷ്ടാക്കള്‍ ഷാ അടുത്തെത്തിയപ്പോള്‍ കൈയിലെ പൊതി തട്ടിയെടുക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിരുന്ന സ്‌കൂട്ടറോടിച്ച് ഉടന്‍ തന്നെ അമിത വേഗതയില്‍ രക്ഷപ്പെടുകയായിരുന്നു. ഷാ പിറകെ ഓടിയെങ്കിലും പിടികൂടാനായില്ല. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. സമീപത്തെ പമ്പിലേയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
നഗരൂര്‍ സ്വദേശി ശ്രീജിത്തിന്റെ പേരിലുള്ള സ്‌കൂട്ടറാണ് മോഷ്ടാക്കള്‍ മോഷണത്തിന് ഉപയോഗിച്ചത്. സ്‌കൂട്ടര്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നഗരൂരില്‍ നിന്നും മോഷണം പോയ വാഹനമാണെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രാത്രിയോടെ സ്‌കൂട്ടര്‍ പോത്തന്‍കോടിന് സമീപം പുലന്തറയില്‍ നിന്നും കണ്ടെടുത്തു.