X

ചട്ടുകം ചൂടാക്കി ശരീരം പൊള്ളിച്ചു; ഏഴു വയസുകാരന് അച്ഛന്റെ ക്രൂരപീഡനം

പത്തനംതിട്ട: അടൂരില്‍ ഏഴ് വയസുകാരന് അച്ഛന്റെ ക്രൂരപീഡനം. ചട്ടുകം ചൂടാക്കി മകന്റെ വയറിലും കാലുകളിലും പൊള്ളലേല്‍പിച്ചു. കുട്ടിയുടെ മറ്റു ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. മദ്യലഹരിയിലാണ് അച്ഛന്റെ ക്രൂരത. പ്രതിയെ അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.

കുട്ടിയെ പത്തനംതിട്ട ശിശു സംരക്ഷണസമിതിയിലാക്കി. പിതാവ് മദ്യപിച്ചെത്തി കുട്ടിയെ മുമ്പും മര്‍ദിച്ചിട്ടുണ്ടെന്നും ഭര്‍ത്താവിനെ പേടിച്ചാണ് മാതാവ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടല്‍ ജീവനക്കാരിയാണ് കുട്ടിയുടെ അമ്മ. സ്‌കൂള്‍ അവധിയായതിനാല്‍ ജോലിക്ക് പോകുമ്പോള്‍ മകനേയും ഒപ്പം കൂട്ടും. കുട്ടിയുടെ ശരീരത്തിലെ പൊള്ളല്‍ ഹോട്ടല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അവര്‍ ശിശുസംരക്ഷണ സമിതിയെ അറിയിക്കുകയായിരുന്നു.

കുട്ടിക്ക് പഠിക്കാന്‍ പിതാവ് പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. പുറത്ത് പോയി തിരിച്ചുവരുമ്പോള്‍ അത് പഠിച്ചുപറഞ്ഞുതരണമെന്നും ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പിതാവ് തിരിച്ചെത്തിയപ്പോഴും കുട്ടി പഠിച്ച് പറഞ്ഞ് കൊടുത്തില്ലെന്നാരോപിച്ച് മര്‍ദിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

web desk 1: