കൊച്ചി: രാത്രി യാത്രചെയ്യുന്നവരെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളുമടക്കം തട്ടിയെടുക്കുന്ന അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിന്റെ തലവനായ യുവാവും കാമുകിയും പിടിയില്‍. ആലപ്പുഴ എടത്വ സ്വദേശി വി. വിനീത്(22) ആലപ്പുഴ അവുലുകുന്ന് സ്വദേശി ഷിന്‍സി(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ കവര്‍ച്ചാക്കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
രാത്രി യാത്രചെയ്യുന്നവരെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈല്‍ ഫോണും ലാപ്‌ടോപ്പുകളും തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി. ഇതിന് പുറമേ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നായി ആറ് പള്‍സര്‍ ബൈക്കുകളും രണ്ട് ഓമ്‌നി വാനുകളും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്.
കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രാത്രികാല കവര്‍ച്ച വ്യാപകമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കവര്‍ച്ചാസംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞദിവസം പിടികൂടിയത്. ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേല്‍ എന്നിവരാണ് വ്യാഴാഴ്ച പൊലീസിന്റെ പിടിയിലായത്. ഇവരില്‍നിന്നാണ് സംഘത്തിന്റെ തലവനായ വിനീതിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ശനിയാഴ്ച പിടികൂടിയ വിനീതിനെ ഒക്ടോബറില്‍ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കോവിഡ് കേന്ദ്രത്തില്‍നിന്ന് ഇയാള്‍ ചാടിപ്പോയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മോഷണമുതലുകള്‍ കണ്ടെടുക്കുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഷിന്‍സിയെ കൊല്ലം പാരിപ്പള്ളി പൊലീസിനും കൈമാറി.