X

മദ്യപിച്ചെത്തി അമ്മയെ ദ്രോഹിക്കല്‍ പതിവാക്കിയ അച്ഛനെ മകള്‍ അടിച്ചുകൊന്നു; തുടര്‍ന്ന് 16കാരി പൊലീസില്‍ കീഴടങ്ങി

ഭോപ്പാല്‍: മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അച്ഛനെ അടിച്ചുകൊന്ന് മകള്‍. അച്ഛനെ കൊലപ്പെടുത്തിയ ശേഷം പതിനാറുകാരിയായ പെണ്‍കുട്ടി തന്നെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

പെണ്‍കുട്ടിയുടെ പിതാവ് സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. ഇവരുടെ മൂത്ത മകനാണ് കുടുംബം നോക്കിയിരുന്നത്. 45കാരനായ പിതാവ് ബുധനാഴ്ച വൈകിട്ടും മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ചു. മകന്റെ വിവാഹക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ഇയാളുടെ ആക്രമണം. അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കണ്ട മകള്‍ അച്ഛനെ തലക്കടിച്ച് കൊല്ലുകയായിരുന്നു. വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം വടി കൊണ്ടായിരുന്നു ആക്രമണം. മാരകമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു.

കൊലപാതകത്തിനു പിന്നാലെ പെണ്‍കുട്ടി തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കേസെടുത്തതായും പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

 

web desk 1: