ന്യൂഡല്‍ഹി: പിതാവില്‍ നിന്നു പണം തട്ടാനായി പത്തു വയസുകാരനെ കൊലപ്പെടതുത്തിയ പ്രതികള്‍ പിടിയില്‍. 17ഉം 12ഉം വയസുള്ള പ്രതികളാണ് പിടിയിലായത്. കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കജൂരി ഖാസ് പ്രദേശത്തുള്ള പള്ളിയില്‍ നിന്ന് ഇന്നലെ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടു മുതല്‍ മകനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീ റാം കോളനിയിലെ മസ്ജിദിലേക്ക് പോയ മകനെ പിന്നീട് കാണാതായെന്നാണ് പിതാവ് പരാതിപ്പെട്ടത്. പള്ളിക്കുള്ളില്‍ കുട്ടിയുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ചാക്കിട്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രതികള്‍ മോമോസ് വാങ്ങുകയും ഒരുമിച്ചു കഴിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പള്ളിയുടെ ഒന്നാം നിലയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. മൂവരും ചേര്‍ന്ന് മോമോസ് കഴിച്ചതിനു ശേഷം 17 വയസ്സുകാരന്‍ കുട്ടിയെ കീഴ്‌പ്പെടുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് പ്രതികള്‍ മൃതദേഹം ചാക്കിട്ടുമൂടിയിട്ട് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.