മുട്ടം: സമൂഹമാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച ശേഷം പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ഇരുപത്തേഴര പവന്‍ സ്വര്‍ണവും 50,000 രൂപയുമാണ് കൈക്കലാക്കിയത്. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറിനെ(25)യാണ് മുട്ടം പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇദ്ദേഹം പതിനെട്ടുകാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി രണ്ടു തവണയായി പെണ്‍കുട്ടിയില്‍ നിന്നു സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് രണ്ടു തവണയായി സ്വര്‍ണം തട്ടിയെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുട്ടം പൊലീസ് കേസെടുത്തു. 12 പവന്‍ സ്വര്‍ണം കണ്ടെടുത്തു. ബാക്കി സ്വര്‍ണം ചാലക്കുടിയിലെ 4 സ്വര്‍ണക്കടകളില്‍ വിറ്റതായി പൊലീസിനോടു സമ്മതിച്ചു. കൊട്ടാരക്കരയില്‍ നിന്നാണു പിടികൂടിയത്.
തട്ടിപ്പുനടത്തിയ ശേഷം 2 ആഴ്ചയിലേറെയായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈല്‍ ലൊക്കേഷന്‍ വച്ചാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുട്ടം എസ്‌ഐ എന്‍.എസ്. റോയി, എഎസ്‌ഐ കെ.പി. അജി, ജയേന്ദ്രന്‍, സിപിഒമാരായ എസ്.ആര്‍. ശ്യാം, കെ.ജി. അനൂപ്, വി.പി. ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.