പത്തനംതിട്ട: മദ്യപിച്ചെത്തിയ മകന്‍ പിതാവുമായി വഴക്കുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ മാതാവ് അടിയേറ്റു മരിച്ചു. മൈലപ്ര മേക്കൊഴൂര്‍ പുത്തന്‍പുരയില്‍ മാത്തുക്കുട്ടി(മാത്യു)യുടെ ഭാര്യ മോളി(60)യാണ് മകന്‍ ഷിജുവിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷിജു പിതാവുമായി വഴക്കുണ്ടാവുകയും അടിപിടിയിലേക്കു നീങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇത് തടയാനെത്തിയപ്പോഴാണ് മോളിക്കു മര്‍ദനമേറ്റത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു സംശയിക്കുന്നു.
ഷിജുവിന്റെ മര്‍ദനമേറ്റു നിലത്തു വീണ മോളിയുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നുവെന്ന് സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ പറഞ്ഞു.
മദ്യലഹരിയില്‍ ഷിജു വീട്ടിലെത്തി ബഹളം വയ്ക്കുന്നതു പതിവായതിനാല്‍ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. മകന്റെ മര്‍ദനത്തില്‍ തലപൊട്ടി രക്തമൊഴുകുന്ന നിലയില്‍ പുറത്തിറങ്ങിയ മാത്യു നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഓടിയെത്തിയവര്‍ ഷിജുവിനെ പിടിച്ചു കെട്ടുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
മോളിയേയും മാത്യുവിനെയും ഉടന്‍ പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മോളി മരിച്ചു. ഗുരുതരപരിക്കുള്ള മാത്യുവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.പത്തനംതിട്ട പൊലീസ് ഷിജുവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും തലയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കും. അവിവാഹിതനായ ഇയാള്‍ രണ്ടു വര്‍ഷം മുമ്പാണ് ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തിയത്. പ്രതിയുടെ ഇളയ സഹോദരങ്ങളായ ഷിബു, ഷിനു എന്നിവര്‍ ഗള്‍ഫിലാണ്. മോളിയുടെ മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.