ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയ മുന്‍ എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് ബാങ്ക് ചാനല്‍ ജീവനക്കാരന്‍ പിടിയില്‍. നിലമ്പൂര്‍ സ്വദേശിയായ ദലീല്‍ പറമ്പാട്ട് എന്ന ദലീല്‍ റോഷനെ(30)യാണു വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി എസ്.ബി.ഐയുടെ ബാങ്ക് ചാനല്‍ വഴി ഇടപാടുകാര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തു വന്നിരുന്നത്. ബാങ്കിന്റെ ശാഖയില്‍ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും അവരുടെ ലോഗിന്‍ ഐ.ഡിയും പാസ്വേഡ്, ഇ മെയില്‍ ഐ.ഡിയും ,ഇടപാടുകാരുടെ മൊബൈലില്‍ വരുന്ന ഒ.ടി.പി എന്നിവ വാങ്ങിയാണു തട്ടിപ്പ് നടത്തിയിരുന്നത്.
മേല്‍പറഞ്ഞ വിവരങ്ങള്‍ പ്രതിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിവിധ പേയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ കസ്റ്റമറുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്ത് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് കാര്‍ഡിന്റെ മാക്‌സിമം തുക ട്രാന്‍സ്ഫര്‍ ചെയ്തതിനുശേഷം ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സലേഷന്‍ റിക്വസ്റ്റ് അപ്‌ഡേഷന്‍ എന്തായെന്ന് അറിയുവാനെന്ന വ്യാജേന ഇവരെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും സമീപിക്കുകയും കസ്റ്റമര്‍ക്ക് ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റും ബാങ്ക് മെസ്സേജുകളും വരുന്നത് തടയുന്നതിനായി പ്രതിയുടെ വ്യാജ അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.
വഴിക്കടവ് സ്വദേശിയായ മഞ്ചേരി ഹോസ്പിറ്റലിലെ ജീവനക്കാരിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് പ്രതി പിടിയിലായത്. പൊലീസ് അന്വേഷിച്ചതില്‍ പ്രതി സമാനമായ രീതിയില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത സമയത്ത് നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്നും കണ്ടെത്തി. ദലീല്‍ പറമ്പാട്ടിനെതിരെ ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ ഇടപാടുകാരെയാണ് പ്രതി കൂടുതാലായും തട്ടിപ്പിനിരയാക്കിയിട്ടുള്ളത്.
വണ്ടൂരിലെ അങ്കണവാടി അദ്ധ്യാപികയുടെ 62400 രൂപ ക്രഡിറ്റ് കാര്‍ഡ് വഴി തട്ടിയെടുത്തതും. പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി ജീവനക്കാരന്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂര്‍ വിദ്യാഭാസ ജില്ലയിലെ ഒരു വിദ്യാലയത്തില്‍ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതും ഇയാളാണ്. പ്രതി ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ ലോണുകള്‍ എടുത്ത് തന്റെ വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയും തട്ടിപ്പ് നടത്തിയിരുന്നു.