എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഐ.ബിയും നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ സൂക്ഷിച്ച 51.580 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എം.ഡി.എം.എ കൊണ്ടുവന്ന പ്രതികള്‍ ഗൂഡല്ലൂരില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിക്കാന്‍ പോയി. വാഹനം ഗതാഗത തടസ്സമുണ്ടാക്കിയതിനാല്‍ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചുവന്ന പ്രതികള്‍ പൊലീസുകാരെയും ആളുകളെയും കണ്ടതോടെ കാറിന്റെ താക്കോല്‍ തൊട്ടടുത്തുള്ള ലോഡ്ജ് ഉടമയെ ഏല്‍പ്പിച്ച് കടന്നു.
കാര്‍ പിന്നീട് ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി യഥാര്‍ഥ ഉടമയെ അറിയിച്ചു. ഉടമയും കൂട്ടുകാരും സ്റ്റേഷനില്‍നിന്ന് കൈപറ്റി മടങ്ങുന്നതിനിടെ വാഹനം കൊണ്ടുപോയവര്‍ ഇയാളെ നിരന്തരം ഫോണില്‍ വിളിച്ച് കാര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ സംശയം തോന്നിയ കാര്‍ ഉടമ എക്‌സൈസില്‍ വിവരമറിയിക്കുകയും ശനിയാഴ്ച രാത്രി വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് വിട്ടുനല്‍കുകയും ചെയ്തു. വാഹനം കൊണ്ടുപോയവരെക്കുറിച്ചും ഗൂഡല്ലൂരില്‍ ഉപേക്ഷിച്ച് കടന്നവരെക്കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടും.