X

ചേകനൂര്‍ കേസടക്കം ഇനിയും തുമ്പായിട്ടില്ലാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതക കേസുകള്‍ വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്


ഇനിയും കണ്ടെത്തിയിട്ടില്ലാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ പൊടി തട്ടി അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ബി.ജെ.പി പ്രവര്‍ത്തകരുടെ ചില കൊലപാതക കേസുകളും ചേകനൂര്‍ കേസുകളും അടക്കം അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടത്തായിയില്‍ ജോളി നടത്തിയ തുടര്‍ കൊലപാതക കഥ വര്‍ഷങ്ങള്‍ക്കു ശേഷം മറനീക്കി പുറത്തുവന്ന പശ്ചാതലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കത്തെ കാണുന്നത്.

തെളിവുകള്‍ വേണ്ടത്ര ലഭിക്കാത്തതിനാല്‍ ഇനിയും തുമ്പായിട്ടില്ലാത്ത കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള കേസുകളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്. 1992 മുതല്‍ 1997 വരെയുള്ള ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസുകളും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.

26 വര്‍ഷം മുമ്പ് മതപ്രഭാഷണത്തിനെന്നു പറഞ്ഞ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയ ചേകനൂര്‍ മൗലവിയുടെ തിരോധാനവും അന്വേഷിക്കും. അന്നു പോയതില്‍ പിന്നെ അദ്ദേഹം തിരിച്ചുവന്നിട്ടില്ല. അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു പറഞ്ഞിട്ടും മൃതദേഹം എവിടെയെന്ന് നാളിതുവരെ കണ്ടെത്താനായില്ല.

ഒരു സംഘം ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്‌തെന്നും മറ്റൊരു സംഘം ആ മൃതദേഹം മറ്റൊരിടത്തേക്ക് കൊണ്ടുപോയെന്നും മൂന്നാമതൊരു സംഘം എത്തി മൃതദേഹം വേറൊരിടത്തേക്ക് എത്തിച്ച് കുഴിച്ചിട്ടു എന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സംഘങ്ങള്‍ തമ്മില്‍ നേരില്‍ ബന്ധമുണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥാപിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനായില്ല.

web desk 1: