X

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ എംഎസ് സൊല്യൂഷന്‍സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തി. അതേസമയം വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ പ്രവചനമാണ് നടത്തിയതെന്ന് എംഎസ് സൊല്യൂഷന്‍ സിഇഔ ഷുഹൈബ് പറഞ്ഞിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പിന്നാലെ സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ശാസ്ത്രപരിശോധനയും നടത്തി. കേസില്‍ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങി ഏഴ് വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ചോര്‍ത്തലില്‍ പങ്കുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു.

എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്നലെ യോഗം ചേര്‍ന്ന അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതിന്റെയും പുതിയ കണ്ടെത്തലിന്റെയും അടിസ്ഥാനത്തില്‍ സിഇഒ ഷുഹൈബിന്റെയും മൊഴിയെടുക്കും. അതേസമയം സൈലം ഉള്‍പ്പെടെ മറ്റു പ്ലാറ്റ്‌ഫോമിനെതിരായ പരാതിയും പൊലീസിന് ലഭിച്ചു.

മുമ്പ് എംഎസ് സൊല്യൂഷനെതിരെ പരാതി നല്‍കിയിരുന്ന സ്‌കൂള്‍ അധ്യാപകരുടെ മൊഴിയെടുത്തിരുന്നു. കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

 

webdesk17: