X

ലളിത് മോദിക്ക് ‘കളി’ മതിയായി; ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് മോദി

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എല്‍ കമ്മീഷണറും മുന്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍.സി.എ) പ്രസിഡണ്ടുമായ ലളിത് മോദി ക്രിക്കറ്റ് ഭരണ രംഗത്തുനിന്ന് വിടവാങ്ങി. ലളിത് മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജസ്ഥാന്‍ ക്രിക്കറ്റിന്റെ ഗുണത്തിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ മൂന്നു പേജ് വരുന്ന കത്തിലൂടെ വിവരിച്ച മോദി, തടഞ്ഞുവെച്ച ഫണ്ട് തന്റെ രാജിയോടെ ബി.സി.സി.ഐ ആര്‍.സി.എയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു.

താന്‍ ബി.സി.സി.ഐയിലേക്ക് വരുമ്പോള്‍ 260 കോടിയായിരുന്നു ബി.സി.സി.ഐയുടെ വരുമാനമെന്നും 2010-ല്‍ താന്‍ വിടപറയുമ്പോള്‍ അത് 476000 കോടിയിലധികമായിരുന്നുവെന്നും മോദി പറയുന്നു. തുച്ഛമായ 40-50 ലക്ഷത്തിന് വിറ്റിരുന്ന ക്രിക്കറ്റിന് 100 കോടിയുടെ മൂല്യം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചു. താന്‍ ബി.സി.സി.ഐ വിടുമ്പോള്‍ ഐ.പി.എല്ലിന്റെ മൂല്യം 1,100 കോടിയായിരുന്നു. എന്നാല്‍, പരിഷ്‌കരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴത് 400 കോടിയിലേക്ക് കൂപ്പുകുത്തി. താന്‍ ഐ.പി.എല്‍ രൂപപ്പെടുത്തിയതെങ്ങനെ എന്ന കാര്യത്തില്‍ കൊളംബിയ, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകള്‍ പഠനം വരെ നടത്തിയിട്ടുണ്ട്.

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് താന്‍ ശ്രമിച്ചതെന്നും അത്യാധുനിക സൗകര്യങ്ങളുള്ള സവായ് മാന്‍സിങ് സ്റ്റേഡിയം അതിന് തെളിവാണെന്നും ലളിത് മോദി പറയുന്നു. തന്റെ സാന്നിധ്യം കാരണം ആര്‍.സി.എയ്ക്കുള്ള പണം ബി.സി.സി.ഐ തടഞ്ഞുവെച്ചപ്പോഴായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നടപ്പാക്കിയത് രാജസ്ഥാന്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിച്ചാണ് മോദി കത്ത് അവസാനിപ്പിക്കുന്നത്: ‘ആര്‍.സി.എക്ക് നല്‍കാനുള്ള പണം ബി.സി.സി.ഐ എത്രയും വേഗം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് അത് തടഞ്ഞുവെച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ തലങ്ങളില്‍ നിന്നും ഞാന്‍ പുറത്തുപോകുന്നതോടെ ആര്‍.സി.എക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ ഇടം ലഭിക്കുമെന്ന് കരുതുന്നു’

 

chandrika: