ചെന്നൈ: ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ലെന്നും വിദേശത്ത് കളിക്കാന്‍ അവസരമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയ്. ഇന്ത്യയില്‍ 30 വയസായാല്‍ 80 കടന്നവരെപ്പോലെയാണ് ആളുകള്‍ പെരുമാറുന്നതെന്നും താരം വ്യക്തമാക്കി.
‘സ്‌പോര്‍ട്‌സ്സ്റ്റാറി’ന്റെ പ്രതിവാര ഷോയില്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണുമായുള്ള അഭിമുഖത്തിലാണ് മുരളിയുടെ തുറന്നുപറച്ചില്‍. ഒരുവ്യക്തിയുടെ മുപ്പതുകളിലാണ് അയാള്‍ തന്റെ കരിയറിന്റെ ഉച്ചിയിലെത്തുന്നതെന്നും ക്രിക്കറ്റില്‍ കുറച്ചുകൂടി മത്സര രംഗത്ത് തുടരാനാണ് ആഗ്രഹമെന്നും അദേഹം വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങള്‍ കുറച്ചു വ്യത്യസ്തമായി കൈകാര്യം ചെയ്യണമെന്നും നിര്‍ദേശിച്ചു.
2018 ഡിസംബറിലാണ് മുരളി അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയായിരുന്നു. 2019ല്‍ തമിഴ്‌നാടിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചതായിരുന്നു ആഭ്യന്തര ക്രിക്കറ്റിലെ അവസാന മത്സരം. ഐ.പി.എല്ലില്‍ കളിച്ചത് 2020ല്‍ ചെന്നൈയില്‍ സി.എസ്.കെയ്ക്കു വേണ്ടിയും.