X
    Categories: MoreViews

ഇമ്രാന്‍ ഖാന്‍ നയിക്കും; പാകിസ്താന്‍ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു

ഇസ്്‌ലാമാബാദ്: ക്രിക്കറ്റിന്റെ പിച്ചില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക്.
പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ഇമ്രാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ആകെയുള്ള 209 സീറ്റില്‍ 109 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. അതേസമയം കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രാജ്യം ഭരിക്കണമെങ്കില്‍ മുന്‍ ക്രിക്കറ്റ് താരത്തിന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കേണ്ടി വരും.

മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നേതൃത്വം നല്‍കുന്ന പാകിസ്താന്‍ മുസ്്‌ലിംലീഗ് 63 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ബിലാവല്‍ ഭൂട്ടോയുടെ പി.പി.പി 39 സീറ്റുകളുമായി മൂന്നാമതായി. സ്വതന്ത്രരും ചെറുകക്ഷികളും 54 സീറ്റുകളില്‍ വിജയിച്ചു. ഭൂരിപക്ഷത്തിനായി 137 സീറ്റുകള്‍ വേണമെങ്കിലും സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാന്‍ ഖാനെ പിന്തുണക്കുമെന്നാണ് സൂചന.
അതേസമയം തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി പാകിസ്താന്‍ മു്‌സ്്‌ലിംലീഗ് ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്. സൈന്യത്തെ പ്രീതിപ്പെടുത്തിയും അല്‍പം തീവ്രനിലപാടുകള്‍ സ്വീകരിച്ചുമാണ് ഇമ്രാന്‍ ഖാന്റെ വളര്‍ച്ച എന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് മത്സരിച്ച ഇമ്രാന്‍ അഞ്ചിടത്തും വിജയിച്ചു ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. തങ്ങള്‍ വിജയിച്ചതായും പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്നും ഇമ്രാന്‍ അറിയിച്ചു. ഇത് ചരിത്രപരമായ തെരഞ്ഞെടുപ്പാണെന്നും സൈന്യത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവ് ജിന്ന വിഭാവനം ചെയ്ത പാക്കിസ്താന്‍ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് അല്ലാഹുവിന് നന്ദി പറയുന്നതായും ഖാന്‍ പറഞ്ഞു. അഴിമതിരഹിത ഇസ്്‌ലാമിക ക്ഷേമ രാജ്യമായ പുതിയ പാകിസ്താന്‍ എന്നായിരുന്നു ഇമ്രാന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ തുടരണമെന്ന് ഇമ്രാന്‍ പറഞ്ഞു.
ഇന്ത്യ ഒരു ചുവട് മുന്നോട്ടു വെച്ചാല്‍ പാകിസ്താന്‍ രണ്ട് ചുവട് വെക്കാന്‍ തയാറാണെന്നും, കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തി രാജ്യങ്ങളുമായുള്ള സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കും, ചൈനയുമായുള്ള വ്യാപാര ബന്ധം തുടരുമെന്നും പറഞ്ഞ ഇമ്രാന്‍ തന്നെ ബോളിവുഡ് വില്ലനെ പോലെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ കാണുന്നതെന്നും എന്നാല്‍ ക്രിക്കറ്റ് താരമായ തനിക്കാണ് ഇന്ത്യയുമായി ഏറ്റവും നല്ല ബന്ധമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പാകിസ്താനില്‍ പുതിയ യുഗപിറവിയാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

chandrika: