കളിച്ച എല്ലാ കളിയും ജയിച്ച രണ്ട് ടീമുകള്‍, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തുല്യശക്തികള്‍. കരുത്തരായ ന്യൂസിലന്‍ഡും ഇന്ത്യയും ഇന്ന് ധര്‍മശാലയില്‍ ഏറ്റമുട്ടുമ്പോള്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഒരു ടീമിന്റെ കുതിപ്പിന് സ്‌റ്റോപ്പാകും. ഫോം പരിശോധിക്കുകയാണെങ്കില്‍ നേരിയ മുന്‍തൂക്കം ഇന്ത്യയ്‌ക്കൊപ്പമാണെന്ന് പറയാം. കാരണം, കഴിഞ്ഞ 4 മത്സരങ്ങളിലും രോഹിത് ശര്‍മയും കൂട്ടരും വിജയം നേടിയെടുത്തത് സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു. കൂടാതെ ഹോം ഗ്രൗണ്ടും.
ടോപ് ഓര്‍ഡറിനെ പൂര്‍ണമായി ആശ്രയിച്ചാണ് ആദ്യ4 വിജയങ്ങളും ഇന്ത്യ ജയിച്ചുകേറിയത്. രോഹിത് ഷര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. മധ്യനിര യഥാര്‍ഥത്തില്‍ ഇതുവരെ പരീക്ഷണം നേരിട്ടിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലായിരുന്നു ഇന്ത്യയുടെ മധ്യനിര പരീക്ഷിക്കപ്പെട്ടത്. അന്ന് പരാജയമായിരുന്നു ഫലം. ഇന്ന് അതിന് കണക്ക് തീര്‍ക്കാനായിരിക്കും ഇന്ത്യ ഇറങ്ങുന്നത്.
ന്യൂസിലന്‍ഡിന്റെ ഓപ്പണിങ് ബൗളര്‍മാരായ ട്രെന്‍ ബോള്‍ട്ടിനേയും മാറ്റ് ഹെന്‍ട്രിയേയും രോഹിത്ഗില്‍ സഖ്യം എങ്ങനെ നേരിടുമെന്നത് നിര്‍ണായകമാണ്. മികച്ച ബൗളിങ് നിരയെ തുടക്കത്തിലെ ആക്രമിച്ച് ആധിപത്യം സ്ഥാപിക്കുന്ന ശൈലി ന്യൂസിലന്‍ഡിനെതിരെയും രോഹിതിന് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയ്ക്ക് എളുപ്പമാകും കാര്യങ്ങള്‍.
ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ടീം ഘടനയാകെ തെറ്റിച്ചിരിക്കുകയാണ്. ബാറ്റിങ് ഓള്‍ റൗണ്ടറായ ഹാര്‍ദിക്കിന്റെ അഭാവം കോച്ച് രാഹുല്‍ ദ്രാവിഡ് എങ്ങനെ പരിഹരിക്കുമെന്നതും ന്യൂസിലന്‍ഡിനെതിരെ നിര്‍ണായകമാകും. പകരം ഏത് താരത്തെ നിരത്തിയാലും ഹാര്‍ദിക്കിലൂടെ ടീമിന് ലഭിക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയില്ലെന്നതാണ് വാസ്തവം.
ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയാണ് ന്യൂസിലന്‍ഡിന് മുകളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്ന മറ്റൊരു ഘടകം. ബുംറയും മുഹമ്മദ് സിറാജും ലോകകപ്പില്‍ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകുന്നുമുണ്ട്. കുല്‍ദീപ് യാദവ് രവീന്ദ്ര ജഡേജ സ്പിന്‍ മാന്ത്രികരുടെ മധ്യ ഓവറുകളില്‍ രോഹിതിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാനായിട്ടുണ്ട്.
മറുവശത്ത് ന്യൂസിലന്‍ഡും കൂറ്റന്‍ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് വരുന്നത്. ഡെവോണ്‍ കോണ്‍വെയും വില്‍ യങ്ങും ചേരുന്ന ഓപ്പണിങ് നിരയെ പൂട്ടുക എന്ന വെല്ലുവളി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലുണ്ട്. അവസാന ഓവറുകളില്‍ കത്തിക്കയറാന്‍ കെല്‍പ്പുള്ള ടോം ലഥാമും ഗ്ലെന്‍ ഫിലിപ്‌സുമെല്ലാം രോഹിതിന്റെ നായകമികവിനെ പരീക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. പരുക്കേറ്റ കെയിന്‍ വില്യംസണ്‍ കളിക്കുമോയെന്ന കാര്യത്തില്‍ സംശയം തുടരുകയാണ്.