X

ക്രിക്കറ്റ് ലോകകപ്പ്; ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. നെതര്‍ലന്‍ഡ്‌സില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.

തുടര്‍തോല്‍വികളില്‍ നിന്ന് കരകയറുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെ തകര്‍ത്ത് തുടങ്ങിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും ഇന്ത്യയോടും തോറ്റു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാവുമ തിരികെയെത്തിയേക്കും. എങ്കില്‍ ഇംഗ്ലണ്ടിനെതിരെ നന്നായി കളിച്ച റീസ ഹെന്‍ഡ്രിക്‌സിന് സ്ഥാനം നഷ്ടമായേക്കും. ഡി കോക്ക്, വാന്‍ ഡര്‍ ഡസന്‍, അയ്ഡാന്‍ മാക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ തുടങ്ങി ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിയുന്ന ബാറ്റര്‍മാരാണ് ദക്ഷിണാഫ്രിക്കയുടെ പ്രത്യേകത. ലുംഗി എന്‍ഗിഡി, മാക്രോ ജാന്‍സന്‍, കാസിയാഗോ റബാഡ, കേശവ് മഹാരാജ് തുടങ്ങിയവര്‍ എറിഞ്ഞിടാനുമുണ്ട്.

ബംഗ്ലാദേശ് നിരയില്‍ ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്‍ മടങ്ങിയെത്തിയേക്കും. 2007, 2019 ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. ലോകകപ്പില്‍ ആകെ 4തവണ ഇരു ടീമുകളും ഏറ്റുമുട്ടി. രണ്ട് വീതം ജയം ഇരുടീമുകളും പങ്കിടുകയാണ്.

webdesk13: