അവസാന ദിനം സൗരാഷ്ട്രയെ തകര്‍ത്ത് കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി
തിരുവനന്തപുരം: രഞ്ജിട്രോഫിയിലെ നിര്‍ണായക മല്‍സരത്തില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. ആദ്യ ഇന്നിംഗ്‌സില്‍ ഏഴു റണ്‍സ് ലീഡ് വഴങ്ങിയശേഷം തിരിച്ചുവരവ് നടത്തിയ കേരളം, സൗരാഷ്ട്രയെ 309 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ നോക്കൗട്ട് പ്രതീക്ഷ കേരളം സജീവമാക്കി. 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 95ന് പുറത്തായി. സ്‌കോര്‍: കേരളം 225, 6ന് 411 ഡിക്ലയേര്‍ഡ്. സൗരാഷ്ട്ര: 232, 95. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും നേടിയ സഞ്ജു സാംസന്‍ കളിയിലെ കേമനായി. സീസണില്‍ നാലാം ജയം കുറിച്ച കേരളം 24 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റിംഗ് തുടങ്ങിയ സൗരാഷ്ട്രക്ക് ആദ്യം നഷ്ടപ്പെട്ടത് റോബിന്‍ ഉത്തപ്പയുടെ വിക്കറ്റാണ്. 12 റണ്‍സെടുത്ത ഉത്തപ്പയെ സിജോമോന്‍ പുറത്താക്കി. പിന്നാലെ 20 റണ്‍സെടുത്ത സ്നെല്‍ എസ്. പട്ടേലും സിജോമോന്റെ പന്തില്‍ ക്രീസ് വിട്ടു. ഷെല്‍ഡന്‍ ജാക്‌സണ്‍ 24 റണ്‍സടിച്ചപ്പോള്‍ ജയദേവ് ഷാ 13 റണ്‍സിന് പുറത്തായി. പിന്നീട് സൗരാഷ്ട്ര ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു കണ്ടത്. അഞ്ചു റണ്‍സെടുക്കുന്നതിനിടയിലാണ് സൗരാഷ്ട്രയുടെ അവസാന അഞ്ചു വിക്കറ്റും വീണത്. നാല് ബാറ്റ്സ്മാന്‍മാര്‍ അക്കൗണ്ട് തുറക്കുംമുമ്പ് പുറത്തായി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന നാലും കെ.സി അക്ഷയ്, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ നാലു വിക്കറ്റെടുത്ത സിജോമോന്‍ ജോസഫ് ഇതോടെ ഏഴു വിക്കറ്റ് സ്വന്തം പേരില്‍ കുറിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ സഞ്ജു സാംസന്റെ (175) ബാറ്റിംഗ് കരുത്തിലാണ് 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കേരളമുയര്‍ത്തിയത്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ വിജയം അനിവാര്യമായതിനാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ വ്യക്തമായ ഗെയിം പ്ലാനോടെയാണ് കേരളം ബാറ്റിങ്ങിനിറങ്ങിയത്. പരമാവധി വേഗത്തില്‍ സുരക്ഷിതമായ ലീഡ് നേടി സൗരാഷ്ട്രയെ ബാറ്റിങ്ങിനയക്കുകയെന്നതായിരുന്നു ലക്ഷ്യം. മൂന്നാം ദിനത്തില്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സഞ്ജു 41 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചു. 121 പന്തിലാണ് സഞ്ജുവിന്റെ ഹാട്രിക് സെഞ്ചുറി പിറന്നത്. ഇരട്ട സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന സഞ്ജു അതിവേഗം സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സ്പിന്നര്‍ ഡി.എ ജഡേജയുടെ പന്തിലാണ് പുറത്തായത്. കെ.ബി.അരുണ്‍ കാര്‍ത്തിക്കും (81) സല്‍മാന്‍ നിസാറും (21 പന്തില്‍ 34) മികച്ച സ്‌കോര്‍ കണ്ടെത്തിയതോടെ കേരളം ആറു വിക്കറ്റിന് 411 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്ന സൗരാഷ്ട്രയുടെ ഈ സീസണിലെ ആദ്യ തോല്‍വിയാണിത്. സൗരാഷ്ട്രക്ക് 23 പോയിന്റാണുള്ളത്. സീസണില്‍ ഗുജറാത്തിനെതിരെ മാത്രമാണ് കേരളം തോല്‍വി അറിഞ്ഞത്. 27 പോയിന്റ് നേടിയ ഗുജറാത്താണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്.
- 7 years ago
chandrika
Categories:
Video Stories
അല്‍ഭുതാകാശം
Tags: cricket
Related Post