പൂനെയില്‍ കിട്ടിയ അടിക്ക് ഇന്ത്യന്‍ ടീം ബംഗളുരുവില്‍ തിരിച്ചുകൊടുത്തപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 75 റണ്‍സിന്റെ മധുരിക്കുന്ന ജയം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ സന്ദര്‍ശകര്‍ 112 റണ്‍സിന് കറങ്ങി വീഴുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായകമായ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഓസീസിനെ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സിലുമായി 141 റണ്‍സ് കുറിച്ച് മത്സരത്തിലെ ടോപ് സ്‌കോററായ ലോകേഷ് രാഹുല്‍ ആണ് കളിയിലെ കേമന്‍.
സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 189 & 274, ഓസ്‌ട്രേലിയ 276 & 122.
87 റണ്‍സിന് പിന്നില്‍ നിന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 274 റണ്‍സ് നേടിയപ്പോള്‍ തന്നെ ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചിരുന്നു. അപകടകരമായ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് പരമാവധി വേഗതയില്‍ സ്‌കോര്‍ ചെയ്യുക എന്നതായിരുന്നു സന്ദര്‍ശകരുടെ തന്ത്രം. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ചുവടുറപ്പിക്കാന്‍ കംഗാരുക്കളെ അനുവദിച്ചില്ല. ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും റെന്‍ഷോയുടെയും വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യക്ക് മത്സരത്തില്‍ മേല്‍ക്കൈ ലഭിച്ചിരുന്നു. 3-ന് 67 എന്ന ശക്തമായ നിലയില്‍ നിന്നാണ് 122 റണ്‍സിന് അവര്‍ പുറത്തായത്.
അശ്വിനു പുറമെ സ്മിത്തിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവും ബൗളിങില്‍ തിളങ്ങി. രവീന്ദ്ര ജഡേജയും ഇശാന്ത് ശര്‍മയും ഓരോ വിക്കറ്റെടുത്തു.
മാര്‍ച്ച് 16 ന് റാഞ്ചിയിലാണ് പരമ്പരയിലെ മൂന്നാം മത്സരം.
ഇന്ത്യ ഇന്നിങ്‌സ് റിപ്പോര്‍ട്ട്:
ബംഗളുരു: ഓസ്‌ട്രേലിയക്ക് 188 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 274ല്‍ അവസാനിപ്പിച്ചാണ് സന്ദര്‍ശകര്‍ ബാറ്റിങിനിറങ്ങിയത്. നാലു വിക്കറ്റിന് 213 എന്ന ശക്തമായ നിലയിലാരുന്ന ഇന്ത്യയുടെ ഇന്നിങ്‌സിനെ പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡാണ് ഇന്ന് താറുമാറാക്കിയത്. ഹേസല്‍വുഡ് 67 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ 274ല്‍ അവസാനിച്ചു. ഇന്ത്യയുടെ പോരാട്ടം മുന്നില്‍ നിന്നു നയിച്ച ചേതേശ്വര്‍ പുജാരക്ക് (92) സെഞ്ച്വറി നേടാനായില്ല.
തലേന്നത്തെ സ്‌കോറിനോട് 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷണാണ് ഇന്ത്യക്ക് ഇന്ന് ആദ്യ വിക്കറ്റ് നഷ്ടമായത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അജിങ്ക്യ രഹാനെ (52) വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതോടെ ആതിഥേയരുടെ തകര്‍ച്ചയും ആരംഭിച്ചു. തൊട്ടടുത്ത പന്തില്‍ തന്നെ കരുണ്‍ നായരെ (0) ഗോള്‍ഡന്‍ ഡക്കാക്കി ഹേസല്‍വുഡ് ആഞ്ഞടിച്ചു.
സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ അനാവശ്യമായി ബാറ്റുവെച്ച പുജാര മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അതേ ഓവറില്‍ തന്നെ അശ്വിനും (4) കുറ്റിതെറിച്ച് മടങ്ങി. ഹേസല്‍വുഡിനെതിരെ ക്ഷമയില്ലാത്ത ഷോട്ടിന് ശ്രമിച്ച് ഉമേഷ് യാദവും (1) മടങ്ങിയതോടെ ഇന്ത്യ ഒമ്പതിന് 258 എന്ന നിലയിലായി. 20 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്.
അവസാന വിക്കറ്റില്‍ തന്ത്രപൂര്‍വം ബാറ്റ് വീശിയ വൃദ്ധിമന്‍ സാഹയും (20 നോട്ടൗട്ട്) ഇശാന്ത് ശര്‍മയും (6) സന്ദര്‍ശകരുടെ കാത്തിരിപ്പ് നീട്ടി. ബൗളര്‍മാര്‍ക്ക് സഹായം ലഭിച്ച പിച്ചില്‍ ഒരു സിക്‌സറും ബൗണ്ടറിയുമടക്കം മികച്ച പ്രകടനമാണ് സാഹ നടത്തിയത്. ശര്‍മ മികച്ച പിന്തുണ നല്‍കിയെങ്കിലും സ്റ്റീവ് ഒകോഫിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിന് ക്യാച്ച് നല്‍കി മടങ്ങി.