ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു. 14 ഓവറില്‍ മൂന്നിന് 144 എന്ന നിലയിലാണ് ആതിഥയര്‍. അര്‍ധസെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും (41 പന്തില്‍ പുറത്താകാതെ 61), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് (അഞ്ച് പന്തില്‍ 10) ക്രീസില്‍.
മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് ബ്രേസ് വെല്ലിന്റെ പന്തില്‍ എല്‍.ബി.ഡബ്ലുവില്‍ കുടുങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ വീണ്ടും പരാജയമായി. ശേഷമായിരുന്നു ഗില്‍-ത്രിപാഠി ഷോ. ത്രിപാഠി 22 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും സഹിതം 44 റണ്‍സെടുത്ത് ഇഷ് സോധിയുടെ പന്തില്‍ ലോക്കി ഫെര്‍ഗൂസന് വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിക്കാരന്‍ സൂര്യകുമാര്‍ യാദവ് രണ്ട് സിക്സും ഒരു ഫോറുമായി പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ടിക്നറുടെ പന്തില്‍ ബ്രേസ് വെല്‍ പിടിച്ച് പുറത്താവുകയായിരുന്നു.
ഇരു ടീമും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാണ് പരമ്ബര വിജയികളെ നിര്‍ണയിക്കുക. ഇന്ത്യന്‍ നിരയില്‍ യുസ്വേന്ദ്ര ചാഹലിന് പകരം അതിവേഗ ബൗളര്‍ ഉമ്രാന്‍ മാലികിന് അവസരം നല്‍കി. ന്യൂസിലാന്‍ഡ് നിരയില്‍ ബെന്‍ ലിസ്റ്റര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കി.