നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നിന്ന് മാറ്റിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റും ഫുട്‌ബോളും തമ്മില്‍ പൊരിഞ്ഞ പോര്. ഫേസ്ബുക്കിലെ പ്രമുഖ മലയാളം കായിക ഗ്രൂപ്പായ സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്ബിലാണ് ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ആരാധകര്‍ ചേരി തിരിഞ്ഞ് വിമര്‍ശനവും ന്യായീകരണങ്ങളും തുടങ്ങിയിരിക്കുന്നത്. ഇരു കായിക ഇനങ്ങളും ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാകുന്നുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാടകയ്‌ക്കെടുത്ത കൊച്ചി സ്‌റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ച ഏകദിനം, ഫുട്‌ബോള്‍ ആരാധകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റിയതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് വലിയ മേല്‍വിലാസമില്ലാത്ത ഫുട്‌ബോളിനു വേണ്ടി ഒരു അന്താരാഷ്ട്ര ഏകദിന മത്സരം മാറ്റിവെക്കേണ്ടി വന്നതിലെ രോഷം പലരും പ്രകടിപ്പിച്ചു. ഇതിനൊപ്പം ഇന്ത്യയിലെ ഫുട്‌ബോളിനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളും നിറഞ്ഞു.
അതേസമയം, ആഗോള തലത്തില്‍ ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബോളിനുള്ള ജനപ്രിയതയും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടിയാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഇതിനെ ചെറുക്കുന്നത്.
കണക്കുകള്‍ നിരത്തിയുള്ള വസ്തുതാപരമായ പോസ്റ്റുകള്‍ക്കൊപ്പം തന്നെ ചിരിയുണര്‍ത്തുന്ന ട്രോള്‍ പോസ്റ്റുകളും നിറയുന്നുണ്ട്.