സിഡ്‌നി: ലോകത്തെ മുന്‍നിര ക്രിക്കറ്റ് ടീമായ ഓസ്‌ട്രേലിയ പ്രതിഫലക്കാര്യത്തില്‍ ബോര്‍ഡുമായി തെറ്റി തകര്‍ച്ചയിലേക്ക്. നാളുകളായി കളിക്കാരും ബോര്‍ഡും തമ്മില്‍ തുടരുന്ന ശീതസമരം ഒടുവില്‍ കളിക്കാര്‍ പരമ്പര ബഹിഷ്‌കരിക്കുന്നിടത്തേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ മാറി നില്‍ക്കുകയാണ്. സ്മിത്തിനൊപ്പം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പരമ്പരക്കില്ലെന്ന് ഓസ്‌ട്രേലിയയെ അറിയിച്ചു. കളിക്കാരുമായുള്ള പ്രതിഫല കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതാണ് കാരണം. പ്രതിഫലത്തില്‍ കാര്യമായ വര്‍ധന വേണമെന്നാണ് കളിക്കാരുടെ പ്രധാന ആവശ്യം. ബോര്‍ഡിന്റെ വരുമാനം പങ്കിടുന്ന തരത്തില്‍ പ്രതിഫലം വേണമെന്നാണ് കളിക്കാരുടെ പ്രധാന ആവശ്യം. പ്രശ്‌നങ്ങള്‍ രമ്യമായി അവസാനിച്ചില്ലെങ്കില്‍ കൂടുതല്‍ താരങ്ങള്‍ ഓസീസ് നിരയില്‍ നിന്നും പിന്മാറും.
ഇരുപത് വര്‍ഷമായി കളിക്കാര്‍ക്ക് ലാഭവിഹിതം നല്‍കുന്ന പതിവ് റദ്ദാക്കുകയും സീനിയര്‍ താരങ്ങള്‍ക്ക് മാത്രം കൂടുതല്‍ വേതനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ വേതന നയം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് കളിക്കാരുടെ സംഘടന അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചര്‍ച്ചകള്‍ നടന്നെങ്കിലും വേതനത്തിന്റെ കാര്യത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് കഴിയുന്ന തീരുമാനമെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിക്ക് സാധിക്കാതിരുന്നതോടെ തര്‍ക്കം നീളുകയായിരുന്നു. കളിക്കാരും ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം ഉള്‍പ്പടെ ഓസീസിന്റെ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. പുരുഷ ക്രിക്കറ്റിന് പുറമെ വനിതാ താരങ്ങളുടെ കാര്യത്തിലും പുതിയ കരാറിലെത്താനായില്ല. ആഗസ്റ്റില്‍ ബംഗ്ലാദേശ് പര്യടനമാണ് ഓസ്‌ട്രേലിയുടെ അടുത്ത മത്സരം. അതുകഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയില്‍ ഒസീസ് എത്തേണ്ടതുണ്ട്.