X

പരമ്പര നോട്ടമിട്ട് ഇന്ത്യ

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. കരുത്തരായ സന്ദര്‍ശകര്‍ക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചത് നീലപ്പടക്ക് മാനസിക ആധിപത്യം നല്‍കുമ്പോള്‍ സന്ദര്‍ശകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്. ഇന്‍ഡോറില്‍ രാത്രിയും പകലുമായാണ് മത്സരം.

പതിവിനു വിപരീതമായി ബൗളര്‍മാരുടെ മികവിലായിരുന്നു ചെന്നൈയിലെയും കൊല്‍ക്കത്തയിലെയും ഇന്ത്യന്‍ വിജയങ്ങള്‍. ഈഡന്‍ ഗാര്‍ഡനില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 252 റണ്‍സേ നേടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും എതിരാളികളെ വരിഞ്ഞു മുറുക്കുന്നതില്‍ സ്പിന്നര്‍മാരും പേസര്‍മാരും ഒരേപോലെ വിജയിച്ചു. ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുംറയും സ്വിങും കൃത്യതയും കൊണ്ട് എതിരാളികളെ നിയന്ത്രിച്ചപ്പോള്‍ കുല്‍ദീപ് യാദവിന്റെയും യുജ്‌വേന്ദ്ര ചഹാലിന്റെയും റിസ്റ്റ് സ്പിന്നിനെ എങ്ങനെ കളിക്കണമെന്നറിയാതെ ഓസീസ് കുഴങ്ങി. ബൗളര്‍മാരുടെ അധ്വാനം ബാറ്റ്‌സ്മാന്മാര്‍ വിജയത്തിലെത്തിക്കുന്നില്ല എന്നതാണ് അവരുടെ പ്രതിസന്ധി.

മഴ വില്ലനായ ചെന്നൈയില്‍ എട്ട് ബാറ്റ്‌സ്മാന്മാര്‍ക്കും ഈഡനില്‍ ഏഴു പേര്‍ക്കും രണ്ടക്കം കാണാന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഓസീ ബൗളിങിന്റെ ദൗര്‍ബല്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം, പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് കരകയറാനുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കഴിവ് ഈ മത്സരങ്ങളില്‍ തെളിഞ്ഞു കണ്ടു.

ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാവും വിരാട് കോഹ്്‌ലി ടീമിനെ ഒരുക്കുക. നാലാം നമ്പറില്‍ രണ്ടുതവണയും പരാജയമായ മനീഷ് പാണ്ഡെക്കും ഓപ്പണിങില്‍ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാന്‍ കഴിയാത്ത രോഹിത് ശര്‍മക്കും മികവ് തെളിയിക്കാനുള്ള അവസരമാകുമിത്. പാണ്ഡെയെ മാറ്റുന്ന സാഹചര്യമുണ്ടായാല്‍ ലോകേഷ് രാഹുലിന് നറുക്കുവീഴും.

പരിക്കില്‍ നിന്ന് മുക്തനായ ആരോണ്‍ ഫിഞ്ച് ഇന്നലെ നെറ്റ്‌സില്‍ പരിശീലനം നടത്തിയതും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് വിക്കറ്റ് കീപ്പറുടെ ഗ്ലൗവണിഞ്ഞതും ഓസീസ് ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നതിന്റെ സൂചനയാണ്. ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റിനും മാത്യു വെയ്ഡിനും പകരമായി ഫിഞ്ചും ഹാന്‍ഡ്‌സ്‌കോംബും എത്തുന്നതോടെ ഓസീ ബാറ്റിങിന് കരുത്തു വര്‍ധിക്കും. ആഷ്ടണ്‍ ആഗറിനു പകരം റിസ്റ്റ് സ്പിന്നര്‍ ആദം സാംപയെയും ഓസീസ് കളിപ്പിച്ചേക്കും.
ചെറിയ ബൗണ്ടറികളും ബാറ്റിങിന് അനുകൂലമായ പിച്ചുമുള്ള ഇന്‍ഡോറില്‍ 300-ലധികം റണ്‍സ് പിറന്നേക്കുമെന്നാണ് പ്രവചനം. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

chandrika: