X

ബോളിങ്ങില്‍ ബുമ്രയും ബാറ്റിങ്ങില്‍ കോഹ്‌ലിയും ഒന്നാമത്; ഐ.സി.സി റാങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച നേട്ടം

ദുബായ്: ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒരുപോലെ നേട്ടമുണ്ടാക്കി. ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ അഞ്ചില്‍ മൂന്നുപേരും ഇന്ത്യന്‍ താരങ്ങളാണ്. ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ടു പേരാണ് ഇന്ത്യക്കാരുള്ളത്. ടീമുകളില്‍ ഇന്ത്യ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്തു തുടരുന്നു.

ഏഷ്യാകപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ ടീമിനെ നയിച്ച രോഹിത് ശര്‍മയാണ് രണ്ടാമത്. രണ്ടു സ്ഥാനം കയറിയാണ് രോഹിത് രണ്ടാമതെത്തിയത്. അഞ്ച് മല്‍സരങ്ങളില്‍നിന്ന് 317 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ പ്രകടനം ഏഷ്യാകപ്പ് കിരീട വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും സഹിതം 105.66 റണ്‍ ശരാശരിയിലാണ് രോഹിത് 317 റണ്‍സെടുത്തത്. രോഹിതിന്റെ ഓപ്പണിങ് പങ്കാളിയും പരമ്പരയുടെ താരവുമായ ശിഖര്‍ ധവാന്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്.

ബോളര്‍മാരില്‍ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏഷ്യാകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ ബുമ്രയുടെ ഓപ്പണിങ്, ഡെത്ത് ഓവര്‍ സ്‌പെല്ലുകളും നിര്‍ണായകമായിരുന്നു. ഡെത്ത് ഓവറുകളില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെ ഒമ്പത് ഓവറുകളാണ് ബുമ്ര ബോള്‍ ചെയ്തത്. നാലു മല്‍സരങ്ങളില്‍നിന്ന് എട്ടു വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ നാലാമതെത്താനും ബുമ്രക്കായി. ആറു മല്‍സരങ്ങളില്‍നിന്ന് 10 വിക്കറ്റ് പിഴുത കുല്‍ദീപ് യാദവ് മൂന്നു സ്ഥാനങ്ങള്‍ കയറി മൂന്നാം സ്ഥാനത്തെത്തി. കുല്‍ദീപിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് ബോളര്‍മാരില്‍ രണ്ടാമന്‍. ഇതിനൊപ്പം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്താനും റാഷിദ് ഖാന് സാധിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: