ക്രൂ 10 വിക്ഷേപണം ഇന്ന്; സുനിത വില്യംസ് ഉടന്‍ ഭൂമിയിലെത്തും

ഒന്‍പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഉടന്‍ ഭൂമിയിലെത്തും. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 20 ന് ഇരുവര്‍ക്കും ഭൂമിയിലെത്താനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് നീളുന്നത്.

നാസയിലെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷി, റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്. അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ക്രൂ 10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റി വച്ചത്.

2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ്എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും.

24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്സ്യൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് ഉരുവര്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്.

 

 

webdesk17:
whatsapp
line