രാജ്യം കടുത്ത ഊര്‍ജ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പല സംസ്ഥാനങ്ങളില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്. ഈസമയം സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി തലയൂരാനാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നതെങ്കിലും പ്രശ്‌നത്തിന് കാരണം കേന്ദ്രം തന്നെയാണെന്നത് നൂറു ശതമാനം വ്യക്തമാണ്. കേന്ദ്രത്തില്‍ ഊര്‍ജത്തിനും അതിനുള്ള അസംസൃതവസ്തുവായ കല്‍ക്കരിക്കുമായി പ്രത്യേക മന്ത്രാലയങ്ങളും മന്ത്രിമാരുമുണ്ടായിരിക്കവെ സംസ്ഥാനങ്ങളുടെ തലയില്‍ പാപഭാരം ഇറക്കിവെക്കുന്നതിനെ നിരുത്തവരവാദപരവും ഭരണ പരാജയവുമെന്നേ പറയാനാവൂ. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണം ഇതിനകം ഏതാണ്ട് നിലച്ചമട്ടാണ്. കോടിക്കണക്കിന് രൂപയുടെ ഉത്പാദന നഷ്ടമാണ് ഇതുമൂലം സംഭവിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി ഇതിലും കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍ക്കരി ക്ഷാമമാണ് പ്രതിസന്ധിക്ക് പൊടുന്നനെ കാരണമായത്. കോവിഡ് കാലത്ത് ഉത്പാദനം നിലച്ചതാണ് ക്ഷാമത്തിന് ഒരു കാരണം. ഇത് മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള ബദല്‍ നടപടികള്‍ നടത്താതിരുന്നതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. രാജ്യത്തെ കല്‍ക്കരി ഉത്പാദകരായ കേന്ദ്ര സര്‍ക്കാരിന് കീഴിലെ കോള്‍ ഇന്ത്യാലിമിറ്റഡിനെയാണ് ഇതിന് ഒന്നാമതായി കുറ്റപ്പെടുത്തേണ്ടത്. ഇവരെ നിയന്ത്രിക്കുന്ന വകുപ്പുകളും മന്ത്രിമാരും പ്രധാനമന്ത്രിയുമെല്ലാമാണ് മറുപടി പറയാന്‍ ബാധ്യസ്ഥര്‍.
കല്‍ക്കരികൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന താപ വൈദ്യുതി നിലയങ്ങള്‍ കൂട്ടത്തോടെ പൂട്ടിയിടേണ്ടിവന്നത് മതിയായ തോതില്‍ ഇവര്‍ക്ക് കല്‍ക്കരി എത്തിക്കാന്‍ കോള്‍ ഇന്ത്യക്ക് കഴിയാത്തതിനാലാണ്. കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുന്ന ഭരണ മുന്നണിയിലെ മുഖ്യഘടകക്ഷികളിലൊന്നായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് പോലും കേന്ദ്ര സര്‍ക്കാരിനെയാണ് ഇതിന് കുറ്റപ്പെടുത്തുന്നത്. ബീഹാറിലും ഉത്തര്‍പ്രദേശിലും കല്‍ക്കരി യഥേഷ്ടമുള്ള മറ്റ് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലുമെല്ലാം വൈദ്യുതി വിതരണം ഏറെക്കുറെ പൂര്‍ണമായും തടസ്സപ്പെട്ടുകഴിഞ്ഞു. ബീഹാറിനുപുറമെ ഝാര്‍ഖണ്ഡിലും രാജസ്ഥാനിലും കഴിഞ്ഞദിവസം 14 മണിക്കൂര്‍ വരെയാണ് പവര്‍കട്ട് ഏര്‍പെടുത്തേണ്ടിവന്നത്. ഇത് ഇനിയും കൂടാനാണിട. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്‍ യൂണിറ്റിന് 15 രൂപ വരെ നിരക്കിലാണ് കേന്ദ്ര പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വൈദ്യുതി വാങ്ങിയത്. വ്യവസായ ശാലകളുടെ പ്രവര്‍ത്തനം പൊടുന്നനെ നിര്‍ത്തിവെക്കേണ്ടിവന്നതിനാല്‍ കോടിക്കണക്കിന ്‌രൂപയുടെ ഉത്പാദന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇവയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളടക്കമുള്ള മനുഷ്യരുടെയും അവരുടെ കുടുംബങ്ങളുടെയും നില അതിലേറെ പരിതാപകരമായിരിക്കുന്നു.
രാജ്യത്തിന്റെ ജി.ഡി.പി നിരക്ക് കോവിഡ് പൂര്‍വകാലത്തേതില്‍നിന്ന് ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്ന് അറിയുമ്പോഴാണ് പ്രത്യാഘാതത്തിന്റെ ആഴം വ്യക്തമാകുക. കോവിഡ് കാലത്ത് ഉത്പാദന നഷ്ടംമൂലം വന്‍തോതില്‍ തൊഴില്‍ നഷ്ടം സംഭവിച്ചതും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തരിപ്പണമായതും കണക്കിലെടുക്കുമ്പോള്‍ ഈ പ്രതിസന്ധി കൂനിന്മേല്‍ കുരുവാണ്. കേന്ദ്രത്തില്‍ ഊര്‍ജത്തിന്പുറമെ കല്‍ക്കരിക്കുകൂടി സ്വന്തം മന്ത്രിയുണ്ടായിരിക്കവെയാണീ സ്ഥിതി. ആര്‍.കെ സിംഗും പ്രഹ്ലാദ് ജോഷിയുമാണ് യഥാക്രമം ഇവര്‍. ഇവരെ മുന്‍കൂട്ടി വിവരം ധരിപ്പിക്കാതിരുന്ന ഉദ്യോഗസ്ഥ മേധാവിത്വവും പ്രതികളാണ്. സ്വന്തം ഉത്തരവാദിത്തം തിരിച്ചറിയാനോ പരിഹാരം ഉടനടി കാണാനോ തയ്യാറാകാതെ ഫെഡറല്‍ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കേന്ദ്രമന്ത്രിമാരുടെ നിലപാട് ലജ്ജാകരമാണെന്നേ പറയേണ്ടതുള്ളൂ. നാലു ദിവസത്തിനകം രാജ്യത്തെ നിലവിലുള്ള കല്‍ക്കരിയുടെ 80 ശതമാനവും തീരുമെന്നാണ് വാര്‍ത്തകള്‍. ഇത് രാജ്യത്തെ പൂര്‍ണമായ നിശ്ചലാവസ്ഥയിലേക്ക് വലിച്ചടുപ്പിക്കും. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്ന 70 ശതമാനം വൈദ്യുതിയും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള താപവൈദ്യുതി നിലയങ്ങളില്‍നിന്നുള്ളതാണെന്നത് കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധി നമ്മെയും തുറിച്ചുനോക്കുകയാണ്. ഒന്നര വര്‍ഷം നീണ്ട കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യം പതുക്കെ കരകയറുമ്പോള്‍ വന്നുപെട്ടിരിക്കുന്ന കുരുക്കിനെ അഴിച്ചുമാറ്റാന്‍ ഉത്തരവാദിത്തം ഭരിക്കുന്നവര്‍ക്കുള്ളതാണ്. വൈദ്യുതി ഉത്പാദന വിതരണ മേഖലയെ പൂര്‍ണമായും സ്വകാര്യമേഖലക്ക് കൈമാറുന്നതിനുള്ള നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ നയത്തിനുള്ള സ്വാഭാവിക തിരിച്ചടി കൂടിയാണ് പ്രതിസന്ധി. പെട്രോളിയത്തെപോലെ സാധാരണക്കാരിലേക്ക് വൈദ്യുതിയെകൊണ്ടും ഷോക്കടിപ്പിക്കാനുള്ള തന്ത്രം ഇതിനുപിന്നിലുണ്ടോ എന്നും സംശയിക്കണം. 2019-20 കാലത്തെ കല്‍ക്കരിയുടെ ഉത്പാദനക്കുറവ് ഒരു ശതമാനമേ വരുന്നുള്ളൂവെന്നും നേരത്തെതന്നെ അമിതോപയോഗം തിരിച്ചറിഞ്ഞുള്ള കരുതല്‍ ശേഖരം ഉണ്ടാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പത്തു ശതമാനം കല്‍ക്കരി ഇറക്കുമതി ചെയ്തിടത്ത് രാജ്യാന്തര തലത്തിലെ ഉത്പാദനക്കുറവ്മൂലം ഇതിലും കുറവുവന്നത് എന്തുകൊണ്ട് സര്‍ക്കാരിലെ ഉത്തരവാദപ്പെട്ടവരറിയാതെപോയി. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന് കല്‍ക്കരിയുടെ പങ്ക് 70 ശതമാനമായിരിക്കുകയും വില വീണ്ടും ഉയരുകയും ചെയ്യുമ്പോള്‍ ചെലവുകുറഞ്ഞ സൗരോര്‍ജ, ജല പദ്ധതികളിലേക്ക് നാം മാറേണ്ടതുണ്ട്. ഈ പ്രതിസന്ധി അതിലേക്കൊരു നിമിത്തമാകട്ടെ.