X

എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍; സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം: മുസ്‌ലിം ലീഗ്‌

ദലിത് വിഭാഗങ്ങൾക്ക് ഭരണഘടനാദത്തമായി ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന് നിദാനമെന്ന് ഭരണഘടന ഊന്നിപ്പറയുമ്പോഴാണ് സാമ്പത്തിക മാനദണ്ഡം വെച്ച് സംവരണം നിശ്ചയിക്കാനുള്ള നീക്കം ഇന്ത്യയിൽ നടന്നുവരുന്നത്. നേരത്തെ പിന്നോക്ക സമുദായ സംവരണത്തിൽ ക്രീമിലെയർ സംവിധാനം കൊണ്ടുവന്ന് സാമ്പത്തികമാണ് സംവരണത്തിന് മാനദണ്ഡം എന്ന വാദക്കാർക്ക് പിന്തുണ കൊടുക്കുകയായിരുന്നു സർക്കാർ. മുന്നോക്ക സംവരണത്തിലും സാമ്പത്തിക മാനദണ്ഡമാണ് നിദാനമാക്കിയത്.

സാമൂഹ്യമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങൾ സാമ്പത്തികമായി എത്ര ഉന്നതിയിൽ എത്തിയാലും ഒരു നേട്ടവുമുണ്ടാകുന്നില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ശിൽപികൾ സംവരണത്തിന് സാമ്പത്തികം മാനദണ്ഡമല്ല എന്ന് വ്യക്തമാക്കിയത്. വിദ്യാഭ്യാസപരമായും സാമൂഹികമായുമുള്ള പിന്നോക്കാവസ്ഥയാണ് സമൂഹത്തിന്റെ അടിസ്ഥാനപരമായ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് വ്യക്തമായി ബോധ്യമാണെന്നിരിക്കെ അത് മറച്ചുവെച്ച് കൊണ്ട് പിന്നോക്കക്കാരുടെ അടിസ്ഥാന അവകാശം നിഷേധിക്കാനും സംവരണം അട്ടിമറിക്കാനുമാണ് സാമ്പത്തികം മാനദണ്ഡമാക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എസ്.സി/ എസ്.ടി സംവരണത്തിനും ക്രിമീലെയർ ബാധകമാക്കണമെന്ന നിർദേശം. ഏറെ ദൗർഭാഗ്യകരമായ ഉത്തരവാണിത്.

ക്രീമിലെയർ നടപ്പാക്കുന്നതോടെ ക്രീമിലെയർ പരിധിയിൽ വരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുകയില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കൂടി ക്രീമിലെയർ ബാധകമാകുക വഴി സംവരണത്തിനുള്ള അടിസ്ഥാന മാനദണ്ഡം ‘ജാതി’യിൽ നിന്ന് ‘സാമ്പത്തികം’ ആയി മാറുകയാണ്. ഇത് സാമൂഹികമായി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

webdesk14: