ബീജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ നിലയം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഭൂമിയില്‍ തകര്‍ന്നുവീഴുമെന്ന് കണ്ടെത്തല്‍. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചൈനയുടെ തിയോങ്-1 ബഹിരാകാശ സ്‌റ്റേഷനാണ് നിയന്ത്രണം വിട്ടത്. 8.5 ടണ്‍ ഭാരമുള്ള നിലയം അടുത്ത വര്‍ഷത്തോടെ ഭൂമിയില്‍ പതിക്കുമെന്നാണ് എസ്സ മുന്നറിയിപ്പു നല്‍കുന്നത്. 12 മീറ്ററാണ് നിലയത്തിന്റെ നീളം.
അടുത്ത വര്‍ഷം ജനുവരി, മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് എസ്സ വൃത്തങ്ങള്‍ പറയുന്നത്. ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ്, ബീജിങ്, റോം, ഇസ്തംബുള്‍, ടോക്കിയോ, മാഡ്രിഡ്, ലിസ്ബണ്‍, ബള്‍ഗേറിയ, ഗ്രീസ് എന്നീ പ്രധാന നഗരങ്ങളില്‍ എവിടെയെങ്കിലും നിലയം പതിക്കാനാണ് സാധ്യതയെന്ന് എസ്സ മേധാവി ഹോള്‍ഗര്‍ ക്രാഗ് പറഞ്ഞു.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കൂട്ടി ഏതു നഗരത്തില്‍ പതിക്കുമെന്ന് കൃത്യമായി പറയാനാവില്ല. നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമെന്നും ഇതിലൂടെ നിലയം ഭൂമിയില്‍ പതിക്കുന്നത് അറിയാന്‍ സാധിക്കുമെന്നും ഹോള്‍ഗര്‍ പറയുന്നു. വന്‍ നാശമുണ്ടാക്കില്ലെങ്കിലും ലോഹ കഷ്ണങ്ങള്‍ മഴ രൂപേണ ഭൂമിയില്‍ പതിക്കുമെന്നാണ് എസ്സ മുന്നറിയിപ്പില്‍ പറയുന്നത്.
2011 സെപ്തംബറിലാണ് ചൈന തിയോങ്-1 ബഹിരാകാശ നിലയം സ്ഥാപിച്ചത്.