ദുബൈ: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ റെക്കോര്‍ഡ് പ്രകടനവുമായി വെസ്റ്റ്ഇന്‍ഡീസ് ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത് വെയിറ്റ്. മത്സരത്തില്‍ സെഞ്ച്വറി നേടിയ ബ്രാത്ത് വെയിറ്റ് ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. ഓപ്പണറായി ഇറങ്ങി ഇന്നിങ്‌സിന്റെ അവസാനം വരെ പുറത്താകാതെ നിന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് ബ്രാത്തുവെയിറ്റും സ്വന്തം പേരിലെഴുതിയത്. ടീം ഓള്‍ഔട്ട് ആവുകയും ഓപ്പണര്‍ പുറത്താകാതെ നില്‍ക്കുകയും ചെയ്താലെ ഈ റെക്കോര്‍ഡിന് പരിഗണിക്കൂ.
പാകിസ്താനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ബ്രാത്ത് വെയിറ്റ് 142 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ടീം 337ന് ഓള്‍ ഔട്ടാവുകയും ചെയ്തു. ഇത്തരത്തില്‍ പുറത്താകാതെ നിന്ന അഞ്ചാമത്തെ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ കൂടിയാണ് ബ്രാത്ത് വെയിറ്റ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലും അഞ്ചില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കും ഈ നേട്ടമുണ്ട്. പാകിസ്താന്റെ 281ന് മറുപടിയുമായി ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ബ്രാത്ത്‌വെയിറ്റിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് 337 റണ്‍സും നേടിയത്. മത്സരത്തില്‍ 56 റണ്‍സിന്റെ നിര്‍ണായക ലീഡും വിന്‍ഡീസ് സ്വന്തമാക്കി.