X

പി.ഡി.പിയില്‍ ഭിന്നത; മെഹ്ബൂബ മുഫ്തിക്കെതിരെ ആഞ്ഞടിച്ച് എം.എല്‍.എമാര്‍

ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മെഹ്ബൂബ മുഫ്തി രാജിവെച്ചതിനു പിന്നാലെ പി.ഡി.പിയിലും ഭിന്നത രൂക്ഷമായി. മെഹ്ബൂബക്കെതിരെ പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. മെഹ്ബൂബയുടെ നിക്ഷിപ്ത താല്‍പര്യവും കഴിവില്ലായ്മയുമാണ് നിലവിലെ പാര്‍ട്ടി സാഹചര്യത്തിനു കാരണമെന്ന് മൂന്നു പിഡിപി എം.എല്‍.എമാര്‍ കുറ്റപ്പെടുത്തി.

മുന്‍ മന്ത്രി ഇമ്രാന്‍ റാസാ അന്‍സാരി, സാദിബാല്‍ എം.എല്‍.എ ഹുസൈന്‍ അന്‍സാരി, ഗുല്‍മാര്‍ഗ് എം.എല്‍.എ മുഹമ്മദ് അബ്ബാസ് എന്നിവരാണ് മെഹ്ബൂബ മുഫ്തിക്കെതിരെ രംഗത്തുവന്നത്. മെഹ്ബൂബ മുഫ്തിയുടെ നിക്ഷിപത താല്‍പര്യ നിലപാടുകളാണ് സാഹചര്യങ്ങള്‍ വഷളാക്കിയതെന്ന് ഇമ്രാന്‍ റാസാ അന്‍സാരി കുറ്റപ്പെടുത്തി. പി.ഡി.പിക്കൊപ്പം മെഹ്ബൂബ തകര്‍ത്തത് മുഫ്തി മുഹമ്മദ് സയിദിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്.

മെഹ്ബൂബയുടെ ചിന്തയില്‍ അവരുടെയും വേണ്ടപ്പെട്ടവരുടെയും ക്ഷമം മാത്രമാണുള്ളതെന്നും അന്‍സാരി കുറ്റപ്പെടുത്തി. മൂന്ന് എം.എല്‍.എമാരും പാര്‍ട്ടി മാറാന്‍ ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മൂവരും മെഹ്ബൂബക്കെതിരെ ആഞ്ഞടിച്ചത്. കേവല ഭൂരിപക്ഷം ഒത്തുവന്നാല്‍ മുന്നണി രൂപീകരണത്തിനും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

chandrika: