ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കുന്നതിന് ജെ.ഡി.എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിനു പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ രംഗത്തുവന്നതോടെയാണ് ബി.ജെ.പിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.
കോണ്‍ഗ്രസുമായോ ജെ.ഡി.എസുമായോ സഖ്യം ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചക്കു തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താന്‍ ബി.ജെ.പി പ്രതിനിധി പുറപ്പെട്ടതിനു പിന്നാലെയാണ് യെദ്യൂരപ്പ ജെ.ഡി.എസിനെതിരെ രംഗത്തുവന്നത്. മുഖ്യമന്ത്രിപദം നഷ്ടമാകുമോയെന്ന ഭീതിയാണ് യെദ്യൂരപ്പ ചര്‍ച്ചക്കു തയാറാകാത്തതെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.
104 സീറ്റുകള്‍ നേടി ഒറ്റകക്ഷിയായ ബി.ജെ.പി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത സഖ്യനീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇക്കാര്യം ജെ.ഡി.എസും അംഗീകരിച്ചു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതോടെ ബി.ജെ.പി ആശങ്കയിലായിരിക്കുകയാണ്.