X

അജിത് പവാറിന്റെ എൻ.സി.പിയിൽ വിള്ളൽ; പാർട്ടി വിടാനൊരുങ്ങി ജഗൻ ഭുജ്ബാൽ

മഹാരാഷ്ട്രയിലെ എന്‍.സി.പിയില്‍ വിള്ളല്‍. മുതിര്‍ന്ന നേതാവും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായ ജഗന്‍ ഭുജ്ബാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ മറ്റൊരു പിളര്‍പ്പിനൊരുങ്ങേണ്ടി വരികയാണ് എന്‍.സി.പി.

76 വയസുള്ള ജഗന്‍ ഭുജ്ബാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നും ശിവസേനയില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നിരുന്നാലും പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതകള്‍ക്കാണ് മുന്‍തൂക്കം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവസേനയില്‍ നിന്ന് ഇറങ്ങിയ ജഗന്‍ തിരിച്ച് ശിവസേനയില്‍ ചേരാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാസിക്കില്‍ ഭുജ്ബാലിന് സീറ്റ് നിഷേധിച്ചതും ആ സീറ്റ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് നല്കിയതുമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അതോടൊപ്പം വളരെ കുറഞ്ഞ വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുകയും സുനേത്ര തന്റെ മണ്ഡലത്തില്‍ ജയിച്ച് ലോക്‌സഭയിലെത്തിയതും അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കിയെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം തന്റെ എതിര്‍പ്പ് പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഭുജ്ബാല്‍ നയിക്കുന്ന സമതാ പരിഷത്ത് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടയിലാണ് അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.

യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പാര്‍ട്ടിപ്രവര്‍ത്തകരും എന്‍.സി.പി ഭുജ്ബാലിനോട് പെരുമാറിയ രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഭുജ്ബാലുമായി അടുപ്പമുള്ള മറ്റൊരു നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

‘അദ്ദേഹം വിവിധ സാധ്യതകളെക്കുറിച്ച് ആലോചിക്കുകയാണ്. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമതാ യോഗം ഉടന്‍ തന്നെ നടത്തുന്നതാണ്. അന്തിമ തീരുമാനമായില്ലെങ്കിലും അദ്ദേഹം അജിത് പവാറിന്റെ എന്‍.സി.പിയില്‍ നിന്ന് വിട്ട് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്,’ പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു.

ഒ.ബി.സി ക്വാട്ടയെക്കുറിച്ചുള്ള തന്റെ നിലപാടും സമീപകാലത്തായി പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന വിവേചനവും പാര്‍ട്ടിക്കുള്ളിലെ തന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്ന് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ പറഞ്ഞു. ഒ.ബി.സി വിഭാഗത്തിന് പ്രത്യേകം ക്വാട്ട നല്‍കണമെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും അവര്‍ക്കുവേണ്ടി വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ഒ.ബി.സി വിഭാഗത്തിനിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യതയുണ്ട്. എന്നാല്‍ താന്‍ ശിവസേനയിലേക്ക് പോകുമെന്ന വാര്‍ത്ത ഭുജ്ബാല്‍ നിഷേധിച്ചു.

webdesk13: