ഇടുക്കി: പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇടുക്കി ജില്ലയില്‍ വ്യാപകമായി വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നു. അസാധാരണമായ വിള്ളലുകളില്‍ ഭയന്ന് ജനങ്ങള്‍ താമസം മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ജനങ്ങള്‍. വന്നപ്പുറം, രാജകുമാരി, കഞ്ചിയാര്‍, സേനാപതി എന്നീ പഞ്ചായത്തുകളിലെ വീടുകളിലാണ് അസാധാരണമായ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് മൂന്നു വീടുകള്‍ തകര്‍ന്നുവീണു. ആദ്യം ചെറിയ വിള്ളലുകളാണ് രൂപപ്പെട്ടത്. പിന്നീട് വിള്ളലുകളിലെ വിടവ് വര്‍ധിക്കാന്‍ കാരണമായി. അപകടം തിരിച്ചറിയാന്‍ സമയം കിട്ടുന്നതിന് മുമ്പ് വളരെ വേഗത്തിലാണ് വിള്ളലുകളുടെ വ്യാപ്തി കൂടിയത്. പ്രദേശത്തെ ഏകദേശം 20 വീടുകളിലാണ് വിള്ളല്‍ വീണത്. വീടുകളുടെ കാലപ്പഴക്കമല്ല വിള്ളലുകള്‍ക്ക് കാരണമാകുന്നത്. പഴയ വീടുകളില്‍ മാത്രമല്ല ഒരു വര്‍ഷം മുമ്പ് പണിത വീടുകളില്‍ പോലും വിള്ളലുകള്‍ കാണുന്നുണ്ട്. മഴ കനത്തപ്പോള്‍ ഭൂമിക്കടിയില്‍ സംഭവിച്ച വ്യതിയാനമായിരിക്കും ഇതിനു കാരണമെന്നും വിഷയം കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും ഇടുക്കി മൈനിങ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ജിയോളജിസ്റ്റ് ബി.അജയകുമാര്‍ പറഞ്ഞു.